പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി അഡ്വ. കെ. രാജന് സംസാരിക്കുന്നു
പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയിൽ പട്ടയത്തിനായി കാത്തിരിക്കുന്നത് 3000ത്തോളം അപേക്ഷകരാണെന്നിരിക്കെ വെള്ളിയാഴ്ച റവന്യൂ മന്ത്രി പങ്കെടുത്ത് നടന്ന ഉന്നതതല യോഗം പകർന്നത് നിരാശ. പതിറ്റാണ്ടുകളായി കൈവശത്തിലിരിക്കുന്ന ഭൂമിയുടേതടക്കം ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടം നടത്തുന്ന മലയോര ജനതയിൽ ബഹുഭൂരിഭാഗത്തിന്റെയും പട്ടയ സ്വപ്നം പൂവണിയാൻ ഇനിയും കലങ്ങളെടുക്കും. ഉന്നതതല യോഗം പരിഗണിച്ചത് നേരത്തേ നിശ്ചയിച്ചിട്ടുള്ള പട്ടയങ്ങളുടെ വിതരണം സംബന്ധിച്ച അവലോകനം മാത്രമാണ്.
രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ നൂറുദിന കർമപരിപാടിയിൽപെടുത്തി ജില്ലയിൽ ആകെ നൽകിയത് 55 പട്ടയങ്ങളാണ്. അന്ന് നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായിരുന്ന 165 പട്ടയങ്ങൾ കൂടാതെ 75 പട്ടയങ്ങൾകൂടി നൽകാനാണ് മന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനമായത്. തർക്കങ്ങളില്ലാത്ത മേഖലകളിലെ പട്ടയം നൽകാനാണ് ഉദ്യോഗസ്ഥരും താൽപര്യം കാട്ടുന്നത്. കാലങ്ങളായി ജില്ലയിൽ പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങളിൽ ഒരു ഇടപെടലുകളും ഉണ്ടാകുന്നില്ല.
പെരുമ്പെട്ടി, പമ്പാവാലി, അത്തിക്കയം, തെക്കേത്തൊട്ടി തുടങ്ങിയ മേഖലകളുടെ പട്ടയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടിയിലെ 257.35 ഏക്കർ ഭൂമിയുടെ പട്ടയമാണ് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ തർക്കത്തിൽ തീരുമാനം കാത്തുകിടക്കുന്നത്. വനഭൂമിയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രദേശമായിരുന്നിട്ടും വനംവകുപ്പ് കാലങ്ങളായി ഉന്നയിക്കുന്ന തർക്കങ്ങളാണ് പെരുമ്പെട്ടിയിലെ പട്ടയനടപടി വൈകിപ്പിച്ചത്.
1400 ദിവസങ്ങളിലേറെയായി പെരുമ്പെട്ടിയിൽ പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന 512 കുടുംബങ്ങളെ പ്രതിനിധീകരിച്ച് സമരം നടന്നുവരുകയാണ്. പതിറ്റാണ്ടുകളായി കൈവശാവകാശമുള്ള ഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് സ്വന്തമാക്കിയവരാണ്. നിയമങ്ങളെല്ലാം അനുകൂലമെങ്കിലും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് അനുകൂല തീരുമാനം വൈകിപ്പിക്കുന്നത്.
നാറാണംമൂഴി വില്ലേജിലെ അത്തിക്കയം തെക്കേതൊട്ടി നിവാസികളും പട്ടയത്തിനുവേണ്ടി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. വ്യത്യസ്ത നിലപാടുകളും നിയമങ്ങളുമാണ് തെക്കേതൊട്ടിയിൽ പുലർത്തിവരുന്നത്. പട്ടയം ലഭിക്കാൻ അർഹരെന്നു മനുഷ്യാവകാശ കമീഷൻ അടക്കം വിധിച്ചിരുന്നു. ഒരേ സർവേ നമ്പരിൽ ചേർത്ത് പലതവണ പട്ടയം നൽകിയ പ്രദേശങ്ങളും സമീപത്തുണ്ട്.
കൊല്ലമുള, പമ്പാവാലി മേഖലകളിലും അർഹരായ നിരവധി കുടുംബങ്ങളുടെ പട്ടയപ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്. കോന്നി നിയോജകമണ്ഡല പരിധിയിൽ 2016ൽ റദ്ദാക്കപ്പെട്ട 1400 പട്ടയങ്ങളിലും ഇതേവരെ തീരുമാനമില്ല. കേന്ദ്രാനുമതി ലഭിക്കുന്ന മുറക്കേ ഈ സ്ഥലത്ത് പട്ടയം നൽകാനാകൂവെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയില്‍ 240 പട്ടയങ്ങള്‍ വിതരണത്തിനു തയാറായെന്ന് മന്ത്രി അഡ്വ. കെ. രാജന് പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് തിരുവല്ല പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 165 ഭൂമി പതിവുപട്ടയവും 75 ലാൻഡ് ട്രൈബ്യൂണല്‍ പട്ടയവുമാണ് വിതരണത്തിന് തയാറായിട്ടുള്ളത്.
കോഴഞ്ചേരി താലൂക്കില്‍ 25, മല്ലപ്പള്ളി-20, അടൂര്‍-25, റാന്നി- 35, തിരുവല്ല - 30, കോന്നി - 30 വീതം ഭൂമി പതിവുപട്ടയം തയാറായിട്ടുണ്ട്. കോഴഞ്ചേരി 8, മല്ലപ്പള്ളി-10, അടൂര്‍- 4, റാന്നി-10, തിരുവല്ല - 26, കോന്നി -15 വീതം ലാൻഡ് ട്രൈബ്യൂണല്‍ പട്ടയവും വിതരണം ചെയ്യും. പട്ടയ വിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും അര്‍ഹരായ അപേക്ഷകര്‍ക്ക് നിയമാനുസൃതമായി വേഗത്തില്‍ പട്ടയം ലഭ്യമാക്കാനുമാണ് സര്‍ക്കാറിന്റെ ശ്രമം. പട്ടയവിതരണത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്.വിവിധ താലൂക്കുകളിലെ പട്ടയ അപേക്ഷകളിന്മേല് സമയബന്ധിതമായി നടപടി സ്വീകരിക്കണം. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് നിയമപരമായി പട്ടയത്തിന് അര്‍ഹരായവര്‍ക്ക് അവ നല്‍കാനുള്ള നടപടി ഊര്‍ജിതമാക്കും.
റവന്യൂ വകുപ്പ് ഓഫിസില്‍ വരുന്ന വിവിധങ്ങളായ പരാതികളും എം.എല്‍.എ ഡാഷ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും കൂട്ടിയോജിപ്പിക്കുന്നതിനായി പൊതുസംവിധാനം ഒരുക്കും. ജില്ലകളില്‍ ആര്.ആര് ഡെപ്യൂട്ടി കലക്ടര്‍ക്കായിരിക്കും ചുമതല. പട്ടയവുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങള്‍ ഡാഷ് ബോര്‍ഡില്‍ അയക്കുകയും മറ്റുള്ള പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും വേണം.
ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ജില്ലയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം അലക്സ് പി.തോമസ്, തിരുവല്ല ആര്.ഡി.ഒ ചന്ദ്രശേഖരന് നായർ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.