പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പുതിയ ബസുകള്‍ നിരത്തിലിറക്കിയപ്പോള്‍ പത്തനംതിട്ട ജില്ലക്ക് പൂർണമായും അവഗണന. 143 ബസുകളാണ് കെ.എസ്.ആർ.ടി.സി. പുതുതായി ഇറക്കിയത്. ഇതിൽ ഒന്നു പോലും പത്തനംതിട്ടക്ക് ലഭിച്ചില്ല. ബംഗളൂരു സംസ്ഥാനാന്തര സര്‍വീസിനായി പത്തനംതിട്ട ഡിപ്പോയ്ക്കു വോള്‍വോ ബസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഗവി ഷെഡ്യൂളിനു പുതിയ ബസ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, ഓര്‍ഡിനറി എന്നിങ്ങനെ ബസുകളാണ് ഓണത്തിനു മുമ്പായി നിരത്തിലിറങ്ങിയത്. ഇവ വിവിധ ഡിപ്പോകളില്‍നിന്ന് ഓപറേറ്റ് ചെയ്തു തുടങ്ങി മാനന്തവാടി, തിരുവനന്തപുരം, കാഞ്ഞങ്ങാട് ഡിപ്പോകള്‍ക്കാണ് പുതിയ സൂപ്പര്‍ ഫാസ്റ്റ് ലഭിച്ചത്. കട്ടപ്പന, കൊട്ടാരക്കര, പത്തനാപുരം, കാസർകോട്, കായംകുളം, നിലമ്പൂര്‍, തിരുവനന്തപുരം, പൂനലൂര്‍, ഈരാറ്റുപേട്ട ഡിപ്പോകള്‍ക്ക് ഫാസ്റ്റ് ബസ് അനുവദിച്ചു. കൊല്ലം, എറണാകുളം, മൂന്നാര്‍, ബത്തേരി, ചേര്‍ത്തല, മൂവാറ്റുപുഴ, വടക്കാഞ്ചേരി, കാഞ്ഞങ്ങാട്, കോട്ടയം, കോതമംഗലം ഡിപ്പോകള്‍ക്ക് ലിങ്ക് ബസ് കിട്ടി. പത്തനാപുരം, കട്ടപ്പന, വെള്ളറട ഡിപ്പോകള്‍ക്ക് ഓര്‍ഡിനറി ബസും. മംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പത്തനംതിട്ടയില്നിന്നുണ്ട്.
തിരുവല്ലയില്‍നിന്ന് ബംഗളൂരു സര്‍വീസും ഉണ്ട്. ഇവയെല്ലാം പുതിയ ബസ് പ്രതീക്ഷിച്ചിരുന്നതാണ്. സീറ്റര്‍, ഫാസ്റ്റ് എന്നിവയുടെ ഓരോ ബസ് അനുവദിക്കുമെന്നും പറഞ്ഞിരുന്നു. വീതിച്ചു നല്കിയപ്പോള് അതും ലഭിച്ചില്ല. തിരുവല്ല, അടൂര്‍ ഡിപ്പോകള്‍, റാന്നി, പന്തളം, മല്ലപ്പള്ളി, കോന്നി ഓപറേറ്റിങ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്കും പുതിയ ബസ് ലഭിച്ചില്ല. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രണ്ടും സ്ഥിരം ഷെഡ്യൂള്‍ ഗവിയിലേക്കുണ്ട്. കാലപ്പഴക്കം കാരണം തകരാറായി ബസ് വഴിയില്‍ കിടക്കുന്നതു പതിവാണ്. വനത്തിലൂടെയുള്ള യാത്രയില്‍ ബസ് തകരാറിലാകുന്നതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. ഗവി കാണാൻ കെ.എസ്.ആർ.ടി.സി ബസില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കു പലപ്പോഴും ലക്ഷ്യം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വരുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.