തിരുവല്ല: പമ്പയാറിനോട് ചേർന്ന് കടന്നു പോകുന്ന റോഡിന്‍റെ തീരം ഇടിയുന്നത് കാരണം വീട് ആറെടുക്കുമെന്ന ഭീതിയിൽ ആറംഗ കുടുംബം. നെടുമ്പ്രം പതിമൂന്നാം വാർഡിൽ മുളമൂട്ടിൽ പടി-പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിൻറ് റോഡിൽ നദിയുടെ സംരക്ഷണഭിത്തി തകർന്ന് തീരം ഇടിയുന്നതാണ് തുണ്ടിയിൽ വീട്ടിൽ ഇട്ടി കുര്യനും സഹോദരനും വികലാംഗനുമായ സണ്ണി കുര്യനും ഉൾപ്പെടുന്ന കുടുംബത്തിന് ഭീഷണി ഉയർത്തുന്നത്.
തീരം മൂന്നടിയോളം കൂടി ഇടിഞ്ഞാൽ വീടിൻറെ കിടപ്പുമുറിയും അടുക്കളയും നദിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്ക് വരികയായിരുന്ന ഇട്ടിയുടെ മകൻ എബ്രഹാം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ആറ്റിൽ വീണിരുന്നു. ഇതേതുടർന്ന് നെടുമ്പ്രം വിന്നേഴ്സ് ക്ലബ്ബിറെ അംഗങ്ങൾ ചേർന്ന് ഞായറാഴ്ച രാവിലെ മുതൽ ഇടിഞ്ഞുവീണ നടവഴി ഉൾപ്പെടുന്ന ഭാഗം ബലപ്പെടുത്തുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്.
2018ലെ പ്രളയത്തോടെയാണ് 50 അടിയോളം ദൂരത്തിൽ കരിങ്കൽ നിർമിത സംരക്ഷണഭിത്തി തകർന്നു വീണത്. ഇതോടെ പിന്നാലെ വന്ന ഓരോ വെള്ളപ്പൊക്കങ്ങളിലും നദി കരയെ വിഴുങ്ങിത്തുടങ്ങി. സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തു കൂടി ഇരച്ചെത്തുന്ന വെള്ളമാണ് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് പതിവാകുന്ന വെള്ളക്കെട്ടിനും ഇടയാക്കുന്നത്.
നെടുമ്പ്രം തോട്ടടി പടി മുതൽ അന്തിച്ചന്ത ജങ്ഷൻ വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്താണ് മഴക്കാലത്ത് വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാറുള്ളത്. ബോട്ടുകളുടെയും വള്ളങ്ങളുടെയും ചരക്ക് നീക്കത്തിനായി എട്ടടി വീതിയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച റോഡാണ് സംരക്ഷണഭിത്തി തകർന്നതുമൂലം ഇടിഞ്ഞു വീഴുന്നത്. സംരക്ഷണ ഭിത്തിയുടെ തകർന്ന ഭാഗം പുനർ നിർമിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
മുളമൂട്ടിൽ പടി-പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിന്‍റ് റോഡിന്‍റെ ഇടിഞ്ഞുവീണ ഭാഗം വിന്നേഴ്സ് ക്ലബ് അംഗങ്ങൾ ചേർന്ന് ബലപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.