കോന്നി: മലയോരത്തിന്റെ വാണിജ്യകേന്ദ്രമായ നാരായണപുരം ചന്തക്ക് പറയാൻ 200 വർഷങ്ങൾക്ക് മുമ്പ് ഉറപ്പിച്ച ഒരു കരാറിന്റെ ചരിത്രവും അതിന് ഇടയൊരുക്കിയ ഒരു മനുഷ്യന്റെ ജീവിതവുമുണ്ട്. അവിവാഹിതനായിരുന്ന കോന്നി മുഞ്ഞനാട്ട് നാരായണൻ കുടുംബസ്വത്തായി ലഭിച്ച ഒരേക്കർ 24 സെന്റ് സ്ഥലം അക്കാലത്ത് ചെമ്പുപട്ടയത്തിൽ സൗജന്യമായി ചന്തക്കുവേണ്ടി എഴുതിനൽകുകയായിരുന്നു. രാജഭരണകാലത്ത് സർക്കാറിലേക്ക് എഴുതിനൽകിയ ഭൂമി എന്നെങ്കിലും ചന്തയുടെ ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാൽ തിരികെയെടുക്കാനുള്ള അവകാശം നാരായണന്റെ പിന്മുറക്കാർക്ക് നൽകിയാണ് വ്യവസ്ഥയാക്കിയത്. മുഞ്ഞനാട്ട് നാരായണൻ പരോപകാരി നാരായണൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
പിന്നീട് നാരായണപുരം ചന്ത പ്രധാന നാട്ടുചന്തയായി വളർന്നു. പിൽക്കാലത്ത് ജില്ലയിലെ പ്രധാന വാഴക്കുല ചന്തയായി നാരായണപുരം മാറി. എന്നാൽ, കോന്നി നാട്ടിൻപുറത്തുനിന്ന് നാഗരികതയിലേക്ക് വളർന്നപ്പോൾ നാരായണപുരം ചന്തയുടെ ശോഭ മങ്ങി. ചന്തഭൂമിയുടെ ഭൂരിഭാഗവും പിൽക്കാലത്ത് കൈയേറ്റത്തിലൂടെ നഷ്ടപ്പെട്ടു. ഷോപ്പിങ് കോംപ്ലക്സ് പണിയാനായി പഴയ കടമുറികൾ ആർ.എസ്. നായർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് പൊളിച്ചുമാറ്റി. എങ്കിലും പഴയകാല കാർഷിക പാരമ്പര്യത്തിന്റെ ഓർമകളുണർത്തി ഇന്നും നാരയണപുരം ചന്ത നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.