അടൂർ: ഒടുവിൽ കരാറുകാരൻ മീറ്റർ റീഡിങ് എടുക്കാൻ ക്രമീകരണം കെട്ടിടത്തിൽ ഒരുക്കിയതോടെ മുരുകൻകുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് വൈദ്യുതി കണക്ഷൻ ലഭ്യമായി. പട്ടികജാതി കുടുംബങ്ങളുടെ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഒന്നാംപിണറായി സർക്കാർ അനുവദിച്ച കുടിവെള്ള പദ്ധതി കരാറുകാരന്റെ നിസ്സഹകരണം മൂലം യാഥാർഥ്യമായില്ല.
ഏനാദിമംഗലം-ഏഴംകുളം പഞ്ചായത്തുകളിലെ മുരുകൻകുന്ന് കോളനിയിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പട്ടികജാതി വികസന ഫണ്ടിൽനിന്ന് 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കേരള ജല അതോറിറ്റിക്കായിരുന്നു നിർമാണച്ചുമതല. കല്ലട ജലസേചന പദ്ധതിവക മങ്ങാടുള്ള ഭൂമിയിൽ കിണറും പമ്പ് ഹൗസും കോളനിയിൽ വാട്ടർ ടാങ്കും വീടുകളിലേക്ക് പൈപ്പുകളും ഇതിനായി സ്ഥാപിച്ചു.
എന്നാൽ, പമ്പ് ഹൗസിന് വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള കാലതാമസം പദ്ധതി വൈകിപ്പിച്ചു. ഏനാദിമംഗലം പഞ്ചായത്ത് അധികൃതരുടെ കുഴപ്പം മൂലമാണ് വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് എന്നാണ് കരാറുകാരൻ പ്രചരിപ്പിച്ചത്. കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയ കമ്മിറ്റി കുടിവെള്ള പദ്ധതിക്കുള്ള തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ, തങ്ങളുടെ കുഴപ്പമല്ല തടസ്സങ്ങൾക്ക് കാരണമെന്നും കെ.ഐ.പി വക ഭൂമിയിലാണ് പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുള്ളതെന്നും ഇതിന് കെട്ടിട നമ്പർ ഇട്ടുനൽകാൻ പഞ്ചായത്തിന് അധികാരമില്ലെന്നും സെക്രട്ടറി മറുപടി നൽകി.
തുടർന്ന് കോളനി നിവാസികൾ ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നൽകിയിരുന്നു. കെ.എസ്.ഇ.ബി നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് കരാറുകാരൻ കെട്ടിടത്തിൽ ചെയ്തിരുന്നത്. മീറ്റർ റീഡിങ് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. കേരള വാട്ടർ അതോറിറ്റിക്ക് ന്യൂനത പരഹാരം സംബന്ധിച്ച റിപ്പോർട്ട് കെ.എസ്.ഇ.ബി കൈമാറിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.