പ്രണയപ്പകയിൽ കൊലപാതകം; പ്രതി കുറ്റക്കാരൻ; ശിക്ഷ നാളെ

പത്തനംതിട്ട: പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കോയിപ്രം കരാലില്‍ അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷനൽ ജില്ല ഒന്നാംകോടതിയാണ് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2019 മാർച്ച് 12ന് രാവിലെ 9.15ന് തിരുവല്ല നഗരമധ്യത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം.

പത്തനംതിട്ട അയിരൂർ കാഞ്ഞീറ്റുകര ചരിവില്‍ കിഴക്കേതില്‍ വിജയകുമാറിന്റെ മകള്‍ കവിതയാണ് (19) കൊല്ലപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യസ്ഥാപനത്തില്‍ എം.എല്‍.ടി വിദ്യാർഥിയായിരുന്ന കവിതയെ രാവിലെ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് അജിന്‍ ആക്രമിച്ചത്. റോഡിൽ തടഞ്ഞുനിർത്തിയശേഷം കുത്തിപ്പരിക്കേൽപിക്കുകയും കൈയിൽ കരുതിയ പെട്രോൾ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻ സമീപത്തെ വ്യാപാരികൾ ആശുപത്രിയിലെത്തിച്ചെങ്കിലും 70 ശതമാനത്തിലധികം പൊള്ളലേറ്റ കവിത എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിനുപിന്നാലെ പ്രതിയെ പിടികൂടി കൈകാലുകൾ കെട്ടി നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു.

പ്ലസ്ടുവിന് ഒരേ ക്ലാസിൽ പഠിച്ചവരാണ് ഇരുവരും. ഇക്കാലത്ത് ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍, പിന്നീട് പെൺകുട്ടി പിന്മാറി. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. കത്തി, പെട്രോൾ, കയർ എന്നിവയും കരുതിയിരുന്നു. കുറ്റക്കാരനാണെന്ന് കോടതി വിധിക്കുമ്പോഴും പ്രതിക്ക് ഒരു കൂസലുമില്ലായിരുന്നു.

കേസിൽ മികച്ച രീതിയിൽ അന്വേഷണം നടന്നുവെന്നും പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞതായും പരമാവധി ശിക്ഷ ലഭിക്കുമെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പറഞ്ഞു. പെട്രോൾ വാങ്ങിയതുൾപ്പെടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രധാന തെളിവായെന്നും അദ്ദേഹം പറഞ്ഞു. കവിതയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ഇവർ പറഞ്ഞു. നേരത്തേ കേസിൽ ജാമ്യത്തിലിറങ്ങിയ അജിൻ ഒളിവിൽ പോയിരുന്നു. പിന്നീട് അന്വേഷണം നടക്കുന്നതിനിടെ കീഴടങ്ങുകയായിരുന്നു.


Tags:    
News Summary - Murder to revenge break up; Accused proved as guilty; Sentencing tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.