വലഞ്ചുഴി ടൂറിസം പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം
പത്തനംതിട്ട: ഭരണാനുമതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടിയില്ലാതെ വലഞ്ചുഴി ടൂറിസം പദ്ധതി. പത്തനംതിട്ട നഗരത്തിൽ ഉൾപ്പെടുന്ന വലഞ്ചുഴിയിലെ ടൂറിസം പദ്ധതിക്കായി 3.06 കോടിയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. എന്നാൽ, ഇതുവരെ മറ്റ് നടപടിയൊന്നുമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സെപ്റ്റംബറിലാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
അച്ചൻകോവിലാറിന്റെ തീരത്തുള്ള വലഞ്ചുഴിയെ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ വികസിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായിട്ടാണ് 3,06,53,182 കോടിയുടെ അനുമതി നൽകിയത്. 18 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള എൻട്രൻസ് പ്ലാസ, ഗേറ്റ് വേ സ്ട്രക്ചർ, ശൗചാലയസമുച്ചയം, ഫുഡ് കിയോസ്ക്, കച്ചവടസ്ഥാപനങ്ങൾ, ലാൻഡ് സ്കേപ്പിങ്, വേസ്റ്റ് ഡിസ്പോസൽ യൂനിറ്റ്, കുടിവെള്ള കിയോസ്ക്, ഹോർട്ടികൾചർ, പ്ലബിങ്, ഇലക്ട്രിക്കൽ, മറ്റ് നിർമാണജോലികൾ തുടങ്ങിയവക്കായാണ് തുക വകയിരുത്തിയത്.
ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണച്ചുമതല അംഗീകൃത ഏജൻസികൾക്ക് നൽകാനും ധാരണയായിരുന്നു. പത്തനംതിട്ട നഗരസഭയിൽ 20, 22, 24 വാർഡുകളിൽ ഉൾപ്പെട്ട 2.18 ഹെക്ടർ നദീ പുറമ്പോക്കിലാണ് പദ്ധതി നടപ്പാക്കുക. നദിയുടെ സൗന്ദര്യമാസ്വദിച്ച് പുറത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും പദ്ധതിയിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ വിവിധ കലാ, സാംസ്കാരിക, സാമൂഹിക ഒത്തുചേരലുകൾക്കുള്ള സ്ഥലം, സ്റ്റേജ്, ഓപൺ ജിം എന്നിവയും ഒരുക്കാൻ തീരുമാനിച്ചിരുന്നു.
നദിയുടെ ഒരുവശത്താണ് വലഞ്ചുഴി ക്ഷേത്രം. ഇവിടെ നദി ക്ഷേത്രത്തെ വലംവെക്കുന്ന അപൂർവ കാഴ്ചയും കാണാം. നദിയിൽ തടയണ കെട്ടി വെള്ളം തടഞ്ഞുനിർത്തി കൊട്ടവഞ്ചി സവാരിക്കും പദ്ധതി ഒരുക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, നിർമാണജോലികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. വലഞ്ചുഴിയെ ബന്ധപ്പെടുത്തി നേരത്തേയും ടൂറിസം വകുപ്പ് തയാറാക്കിയ പദ്ധതികൾ തയാറാക്കിയിരുന്നെങ്കിലും നടപ്പാക്കാതെ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.