പത്തനംതിട്ട: നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറായ എം.ജി. കണ്ണന് വിടവാങ്ങുമ്പോൾ ജില്ലയിൽ തിളങ്ങിനിന്ന ദലിത് മുഖമാണ് കോൺഗ്രസിന് നഷ്ടപ്പെട്ടത്. കുറവർ മഹാസഭ സംസ്ഥാന വൈസ്പ്രസിസന്റ് സ്ഥാനവും എം.ജി കണ്ണൻ വഹിച്ചിരുന്നു. മുൻമന്ത്രിയും മുതിർന്ന നേതാവുമായ പന്തളം സുധാകരനും അകാലത്തിൽ അന്തരിച്ച കോന്നിയൂർ പി.കെക്കും ശേഷം പാർട്ടിയിൽ പോരാടി ഉയർന്നുവന്ന യുവമുഖം കൂടിയായിരുന്നു എം.ജി കണ്ണൻ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന കണ്ണൻ പാർട്ടിഭേദമെന്യേ എല്ലാവർക്കും പ്രിയപ്പെട്ടവനും നേതൃനിരയിലെ സൗമ്യ മുഖവുമായിരുന്നു. ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനത്തിന്റെ തെളിവായിരുന്നു കഴിഞ്ഞദിവസം മണിക്കൂറുകൾ വൈകിയ വിലാപയാത്ര. കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻ ജനാവലി എം.സി റോഡിലുടനീളം കാത്തുനിന്നാണ് കണ്ണനെ യാത്രയാക്കിയത്. കോൺഗ്രസിൽ ദലിത് -പിന്നാക്ക ജനവിഭാഗങ്ങളെ നേതൃനിരയിലേക്ക് ഉയർത്തികൊണ്ടുവരാൻ അദ്ദേഹം എന്നും വാദിച്ചുകൊണ്ടിരിന്നു. കോവിഡ് കാലത്തും അതിന് മുമ്പും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സമരം നയിക്കാന്‍ മുന്നില്‍ നിന്നത് കണ്ണനായിരുന്നു.
പൊലീസിന്റെ മൃഗീയ മര്‍ദനമാണ് അന്ന് കണ്ണന് ഏല്‍ക്കേണ്ടി വന്നത്. പല തവണ ലാത്തിയടിയില്‍ കണ്ണന്റെ തലക്ക് മാരക പരുക്കേറ്റു. അതിന്റെ അനന്തരഫലമാണ് മരണ കാരണമെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.
തലക്കുള്ളിലെ രക്തസ്രാവമാണ് കണ്ണന്റെ മരണത്തിന് കാരണമായത്. കണ്ണന് പൊലീസ് മര്‍ദനത്തിന്റെ ഇരയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു തുടങ്ങി. വർഷങ്ങളായി രാഷ്ട്രീയ രംഗത്തും ജനപ്രതിനിധിയായും പ്രവർത്തിച്ചുവന്ന കണ്ണൻ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. ഭാര്യയും രണ്ട് മക്കളും മറ്റ് അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കണ്ണൻ. കുടുംബത്തിനായി ഒന്നും നേടിക്കൊടുക്കാതെയുള്ള കണ്ണന്റെ വിടവാങ്ങൽ. അതിനാൽ തന്നെ കുടുംബത്തെ കോൺഗ്രസ് പാര്‍ട്ടി സംരക്ഷിക്കണമെന്ന് പ്രവർത്തകരും നേതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നു. കുടുംബത്തിന് കെ.പി.സി.സി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായ ധനത്തിൽ ഒതുക്കരുതെന്നും ഭാര്യക്ക് ജോലി നൽകണമെന്നും മക്കളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയ കോൺഗ്രസ് നേതൃത്വത്തിന് കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ ബോധ്യപ്പെട്ടെന്ന് പാർട്ടി നേതൃത്വവും വ്യക്തമാക്കുന്നു.
ചെന്നീർക്കര പഞ്ചായത്തിലെ മാത്തൂര്‍ മേലേടത്ത് വീട്ടില്‍ മരംവെട്ട് തൊഴിലാളിയായ പിതാവ് ഗോപിയും കൂലിവേലക്കാരിയായ മാതാവ് ശാന്തമ്മയും ഏറെ കഷ്ടപ്പെട്ടാണ് കണ്ണനെ വളര്‍ത്തിയത്. മകന് വലിയ ജോലിക്കാരനായാല്‍ കുടുംബം രക്ഷപ്പെടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ബിരുദ പഠനത്തിന് ശേഷം കേബിള്‍ ടി.വി. ടെക്നീഷ്യനായും പത്രം ഏജന്‍സി എടുത്തും കുടുംബത്തെ പോറ്റി.
രാഷ്ട്രീയ ജീവിതത്തിലെ തെരക്കുകൾക്കിടയിലും ദിവസവും മാത്തൂരിലെ മേലേടത്ത് കുടുംബ വീട്ടിലേക്ക് ഓടിയെത്തി. രണ്ടു തവണ വ്യത്യസ്ത ഡിവിഷനുകളില്‍ നിന്ന് ജില്ല പഞ്ചായത്ത് അംഗം, ഒരു തവണ പഞ്ചായത്ത് അംഗം, രണ്ടു തവണ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ല അധ്യക്ഷന്‍, സമരമുഖങ്ങളിലെ നിറസാന്നിധ്യം എന്നിങ്ങനെ അടൂരിലെ നിയമസഭ സീറ്റില്‍ വരെ കണ്ണനെത്തി. സീറ്റ് കൊടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കം നേതാക്കള്‍ക്ക് കണ്ണന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമായിരുന്നു.
2016 ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ചിറ്റയം ഗോപകുമാര്‍ 25,460 വോട്ടിന് ജയിച്ച മണ്ഡലമാണ് അടൂര്‍. മുമ്പ് രണ്ടു തവണ ചിറ്റയത്തോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങിയത് പന്തളം സുധാകരന്, കെ.കെ. ഷാജു എന്നിവരായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ നിന്ന് കണ്ണന് പൊരുതി. ചിറ്റയത്തിന്റെ കാല്‍ലക്ഷം വോട്ട് ഭൂരിപക്ഷം വെറും 2,919 ആക്കി കുറച്ചാണ് കണ്ണന് തല്‍ക്കാലത്തേക്ക് പോര് അവസാനിപ്പിച്ചത്.
അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന ദൃഢനിശ്ചയത്തോടെ അടൂർ നിയമസഭ മണ്ഡലത്തില്‍ നിറഞ്ഞുള്ള പ്രവര്‍ത്തനത്തിലായിരുന്നു കണ്ണന്. ദിവസവും മണ്ഡലത്തിന്റെ മുക്കിലുംമൂലയിലും വിവിധ പരിപാടികള്‍ക്ക് കണ്ണന് എത്തിയിരുന്നു. താൻ എത്തുന്ന എല്ലാ പരിപാടികളിലും കണ്ണനെയും കാണാമായിരുന്നെന്ന് അടൂർ മണ്ഡലം എം.എൽ.എയയായ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇക്കാരണത്താൽ മണ്ഡലത്തിൽ രണ്ട് എം.എൽ.എമാരുണ്ടെന്നാണ് ജനം പറയുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ തവണ ജില്ലയില്‍ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വലിയ വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടപ്പോള്‍ പൊരുതി തോല്‍ക്കുകയായിരുന്നു കണ്ണന്. അതു കൊണ്ട് തന്നെ ഇക്കുറി വീണ്ടും കണ്ണന് അടൂരിൽ സീറ്റ് ഉറപ്പിച്ചിരുന്നു.
2005 ല്‍ ചെന്നീര്‍ക്കര പഞ്ചായത്തംഗമായിട്ടാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ കണ്ണന്റെ കടന്നു വരവ്. 2010 ല്‍ മുന്‍ എം.എല്‍.എ പി.കെ. കുമാരനെ ജില്ല പഞ്ചായത്ത് ഇലന്തൂര്‍ ഡിവിഷനില്‍ അട്ടിമറിച്ച് തന്റെ ജനപ്രീതി കണ്ണന് തെളിയിച്ചു. 2015 ല്‍ സംവരണ ഡിവിഷന് മാറിയതോടെ റാന്നിയിലാണ് കണ്ണന് മത്സരിച്ചത്. അവിടെയും വിജയക്കൊടി നാട്ടി. 2021 ല്‍ നിയമസഭാ സ്ഥാനാർഥിയായത്. മകന് ശിവകിരണിന് ബാധിച്ച രക്താര്‍ബുദം ആയിരുന്നു കണ്ണന്റെ വലിയ വേദന. തെരഞ്ഞെടുപ്പ് തിരക്കിനിടെ മകനെയും തോളിലിട്ട് ആര്.സി.സിയില്‍ നില്ക്കുന്ന കണ്ണന്റെ ചിത്രം തീരാനൊമ്പരമായി. കുറച്ചു പേരുടെ സഹായവും കടം വാങ്ങിയുള്ള ചികിത്സയുമാണ് മകനെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചതെന്ന് കണ്ണന് പറയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.