കാലവർഷത്തിൽ അപ്പർ കുട്ടനാട്ടിൽ വൻ കൃഷിനാശം

തിരുവല്ല: കാലം തെറ്റി പെയ്ത കാലവർഷത്തിൽ അപ്പർ കുട്ടനാട്ടിൽ വൻ കൃഷിനാശം. അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന കുറ്റൂർ, നെടുമ്പ്രം, പെരിങ്ങര, നിരണം, കടപ്ര എന്നീ പഞ്ചായത്തുകളിലായി 3.16 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ മൂന്നു വരെയുളള കണക്കനുസരിച്ച് ആകെ 117.63 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴ, മരച്ചീനി എന്നിവക്കാണ് പ്രധാനമായും നാശം സംഭവിച്ചിരിക്കുന്നത്. അടുത്തിടെ ഉണ്ടായ കാറ്റിലും മഴയിലും ഏത്തവാഴകൃഷിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. കുലച്ച 18,850 മൂട് ഏത്തവാഴ നശിച്ചു. കുലയ്ക്കാന്‍ പാകമായ 12,450 മൂട് വാഴയും നശിച്ചു. 1.62 കോടിരൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്. കുലച്ച 46 മൂട് തെങ്ങും തടിവിരിഞ്ഞ 25 മൂട് തെങ്ങും വെളളപ്പൊക്കത്തില്‍ നശിച്ചു.

വേനല്‍ മഴയില്‍ 96.8 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. 1.45 കോടി രൂപയാണ് കണക്കാക്കുന്ന നഷ്ടം. തിരുവല്ല കൃഷിഭവൻ പരിധിയിൽ 88.57 ലക്ഷം രൂപയുടെയും പെരിങ്ങരയിൽ 73.80 ലക്ഷത്തിൻ്റെയും, നെടുമ്പ്രത്ത് 69.52 രൂപയുടെയും നിരണത്ത് 32.25 ലക്ഷം രൂപയുടെയും കടപ്രയിൽ 26.44 ലക്ഷത്തിൻ്റെയും കുറ്റൂരിൽ 25.65 രൂപയുടെയും നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്.

കാലവർഷ ആരംഭത്തിൽ മഴക്കൊപ്പം വീശി അടിച്ച ശക്തമായ കാറ്റിൽ മേഖലയിലെ വാഴ, മരച്ചീനി എന്നീ വിളകൾക്ക് വൻനാശം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ വെള്ളപ്പൊക്കത്തിൽ വാഴകൃഷി അടക്കം പാടെ നശിച്ചു. വിളവെടുപ്പിന് പാകമായതും ആഗസ്റ്റോടെ വിളവെടുപ്പിന് പ്രായമാകുന്നതുമായ വാഴകളാണ് നശിച്ചിരിക്കുന്നത്. മേഖലയിലെ ഭൂരിപക്ഷം കൃഷിയിടങ്ങളിൽ നിന്നും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി വെള്ളക്കെട്ട് നിലനിൽക്കുന്ന കൃഷിയിടങ്ങളിൽ വേരുകൾ ചീഞ്ഞ് വാഴകൾ കൂട്ടത്തോടെ നിലം പതിക്കുകയാണ്.

കടപ്ര പഞ്ചായത്തിലെ പരുമലയിൽ പന്ത്രണ്ടേക്കറോളം ഭൂമി പാട്ടത്തിന് എടുത്ത് ഏത്തവാഴ കൃഷി നടത്തിയ മുൻ ഗ്രാമപഞ്ചായത്ത് അംഗവും കർഷകനുമായ ഷിബു വർഗീസിന് കനത്ത നഷ്ടമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കാറ്റിലും വെള്ളപ്പൊക്കത്തിലും 4800 ഓളം മൂട് നശിച്ചു. കടപ്ര പഞ്ചായത്തിലെ വരമ്പിനകത്ത് മാലി ഭാഗത്ത് എട്ടേക്കർ പാട്ട് ഭൂമിയിൽ പി.ഒ. മാത്യു, ജേക്കബ്, റോസമ്മ എന്നിവർ ചേർന്ന് കൃഷി ചെയ്ത മൂവായിത്തോളം ഏത്ത വാഴകളിൽ 1800 ഓളം മൂടുകൾ നശിച്ചു. തിരുമൂലപുരം വാളൻ പറമ്പിൽ വിപിൻ വി. ജോസഫിന്റെ 500ഓളം മൂട് വാഴകൾ ഒടിഞ്ഞ് നിലം പതിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സംഭവിക്കുന്ന കൃഷി നാശങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആവില്ല എന്ന നിലപാടാണ് കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് എന്ന് കർഷകർ പരാതി പറയുന്നു. ജലലഭ്യത ഇല്ലാത്ത പ്രദേശങ്ങളിൽ എങ്ങനെ കൃഷി നടത്തും എന്നതാണ് കർഷകർ ഉയർത്തുന്ന മറുചോദ്യം.

Tags:    
News Summary - Massive crop damage in Upper Kuttanad during monsoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.