യുക്രെയ്നിലെ കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തിയപ്പോൾ
പന്തളം: യുദ്ധഭൂമിയിൽ കുരുങ്ങിപ്പോയ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തി. രാപകലില്ലാതെ അലാറം മുഴങ്ങുന്നതിന്റെയും ബോംബ് സ്ഫോടനശബ്ദത്തിന്റെയും ഭയത്തിലാണ് മലയാളി വിദ്യാർഥികൾ കഴിയുന്നത്.
ഇവർ താമസിക്കുന്ന കെട്ടിടത്തിൽ അമ്പതിലേറെ കുട്ടികളാണുള്ളത്. ഇവരുമായി എംബസി ഫോണിൽ ബന്ധപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല. എംബസി നൽകിയ നിർദേശപ്രകാരമാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തിയത്. കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് ഭക്ഷണക്ഷാമം രൂക്ഷമാണ്.
പലരും വിശന്നു തളർന്നുകിടക്കുന്ന അവസ്ഥയിലാണെന്നാണ് പന്തളം തുമ്പമൺ അമ്പലക്കടവ് വടക്കേമുറിയിൽ ജിന്നി റെയ്ചൽ ബന്ധുക്കളെ അറിയിച്ചത്. യുക്രെയ്നിൽനിന്ന് 700 കി.മീ. അകലെ അക്വാഷ്യയ എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്.
യൂനിവേഴ്സിറ്റിയിലെ 1500 ഓളം വിദ്യാർഥികൾ ഉണ്ടായിരുന്നു. മലയാളികളുൾപ്പെടെ നാനൂറോളം ഇന്ത്യക്കാരാണ് യൂനിവേഴ്സിറ്റിക്ക് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്നത്.
നാല് കി.മീ. പിന്നിട്ടാൽ റഷ്യൻ തടാകത്തിനരികിൽ എത്താമെന്നും എംബസി ഇവരെ വിവരമറിയിച്ചിട്ടുണ്ട്. ഇവിടെനിന്ന് ആരെയും ഇതുവരെയും മാറ്റിയിട്ടില്ല. മിക്ക സമയങ്ങളിലും ശക്തമായ ഭൂചലനരീതിയിലെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്നും ജിന്നി റെയ്ചൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.