പത്തനംതിട്ട: ഒന്നര വർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജില്ലയിൽ അധികാരത്തിലുള്ള ഭൂരിപക്ഷം പഞ്ചായത്ത്, നഗരസഭകളിലും ലോക്സഭ വോട്ടുനിലയിൽ എൽ.ഡി.എഫ് പിന്നിൽ. എൻ.ഡി.എ നടത്തുന്ന മുന്നേറ്റം മറ്റൊരു വെല്ലുവിളിയായി മാറുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമെന്നു വിലയിരുത്തിയ എൽ.ഡി.എഫ് തദ്ദേശഭരണ പ്രദേശങ്ങളിലെ വോട്ട് നിലയിലുണ്ടായ തിരിച്ചടിയും പഠിക്കുന്നു.
ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എൽ.ഡി.എഫ് നിയന്ത്രണത്തിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി. പ്രചാരണം നിയന്ത്രിച്ച മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ ആറന്മുളയിലെ നഗരസഭ, പഞ്ചായത്തുതലത്തിലും എൽ.ഡി.എഫ് പിന്നാക്കംപോയത് നേതൃത്വത്തിന് തലവേദനയായി. പാർട്ടി കണക്കനുസരിച്ചുള്ള വോട്ട് ലഭിച്ചില്ലെന്ന് സ്ഥാനാർഥി ഡോ. തോമസ് ഐസക് പ്രതികരിച്ചിരുന്നു. ജില്ലയിലെ നാല് നഗരസഭയിലും നാൽപതിലധികം ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ലീഡ്. ഭരണത്തിലുണ്ടായിരുന്ന ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലീഡ് നഷ്ടമായെന്നാണ് എൽ.ഡി.എഫിനെ കുഴക്കുന്നത്. ഇതുസംബന്ധിച്ച് വരുംദിവസങ്ങളിൽ സി.പി.എം കമ്മിറ്റികളിൽ ചർച്ചകൾ നടക്കും.
2019ലും സമാനമായ സാഹചര്യമുണ്ടായിരുന്നെന്ന് ആശ്വസിക്കാൻ ഇപ്പോൾ എൽ.ഡി.എഫിനാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ നഷ്ടമായതിലും അധികം വോട്ടുകൾ പിന്നാലെ വന്ന തദ്ദേശസ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമാഹരിക്കാനായതും അവർ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും ഭരിക്കുന്ന ബി.ജെ.പി ഇത്തവണ അയിരൂർ പഞ്ചായത്തിൽ മാത്രമാണ് ഒന്നാമതെത്തിയത്. നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് അയിരൂർ. ഓമല്ലൂർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി രണ്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.