പന്തളം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ പന്തളം നഗരസഭയിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ. തെക്കൻ കേരളത്തിൽ ആദ്യമായി ബി.ജെ.പിക്ക് ഭരിക്കാൻ പന്തളം നഗരസഭ ലഭിച്ചത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ബി.ജെ.പി പന്തളം നഗരസഭ പിടിച്ചതിനെ തുടർന്ന് സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറിയെ മാറ്റുകയും ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവ് പന്തളത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. സി.പി.എമ്മിന് ഏറെ വേരോട്ടമുള്ള പന്തളത്ത് ബി.ജെ.പി അധികാരത്തിലെത്തിയത് പാർട്ടി സംസ്ഥാന ഘടകത്തിലും ചർച്ചയായിരുന്നു.
ബി.ജെ.പിയുടെ ഭരണകാലത്ത് തുടക്കത്തിൽ പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അവസാന ഒരുവർഷം ക്രൈസ്തവ പ്രതിനിധിയെ ചെയർമാനാക്കി ബി.ജെ.പി കരുത്ത് കാട്ടിയിരിക്കുകയാണ്. തുടർഭരണം ലഭ്യമാക്കാൻ ബി.ജെ.പി താഴെത്തട്ടിൽ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി യു.ഡി.എഫ് സജീവമായി രംഗത്തുണ്ട്. താഴെത്തട്ട് മുതൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുമുണ്ട്. എന്നാൽ വർഷങ്ങളായി യു.ഡി.എഫ് പ്രതിനിധിയായിരുന്ന കെ.ആർ. രവി യു.ഡി.എഫുമായി അകന്ന് ബി.ജെ.പി പാളയത്തിൽ എത്തിയത് ക്ഷീണമാണ്. ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള ഡിവിഷനിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക ഘടകങ്ങളിൽ സ്വാധീനമുള്ളവരെ സ്ഥാനാർഥിയാക്കാനാണ് യു.ഡി.എഫ് നീക്കം. എന്നാൽ വിമതസ്വരം യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കും. ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടാൽ അത് എൽ.ഡി.എഫിലും പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ മേഖലയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളുടെ സാന്നിധ്യം യു.ഡി.എഫിനെ കാര്യമായി ബാധിച്ചിരുന്നു.
ഇക്കുറി യു.ഡി.എഫിൽ വിമത ശല്യം ഒഴിവാക്കുന്നതിന് പാർട്ടി നേതൃത്വം തിരക്കിട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 33 ഡിവിഷൻ ഉണ്ടായിരുന്ന പന്തളം നഗരസഭയിൽ വാർഡ് വിഭജനത്തോടെ 34 ഡിവിഷനായി വർധിച്ചിട്ടുണ്ട്. ഒന്നിലേറെ ക്രൈസ്തവ നേതാക്കളെ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയാക്കി നിർത്തിയിരുന്നു .ഇക്കുറിയും നഗരസഭ ബി.ജെ.പി പിടിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. ബി.ജെ.പിയെ പുറത്താക്കി ഭരണം പിടിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും മുന്നോട്ടുപോകുന്നത്. അതിനുളള തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.