പത്തനംതിട്ട: ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറി, പൂ കൃഷിയുമായി കുടുംബശ്രീ. ‘ഓണക്കനി’യെന്ന പേരിൽ 332.9 ഏക്കറിലാകും പച്ചക്കറി കൃഷി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 490 സംഘകൃഷി ഗ്രൂപ്പുകളുടെ (ജെ.എൽ.ജി) നേതൃത്വത്തിൽ ജില്ലയിലെ എട്ട് ബ്ലോക്കുകളിലാണ് പദ്ധതി.
2,103 വനിത കർഷകർ പദ്ധതിയുടെ ഭാഗമാകും. പച്ചക്കറികൾക്കുള്ള വിപണി കുടുംബശ്രീ തന്നെ കണ്ടെത്തും. ജെ.എൽ.ജി ഗ്രൂപ്പുകൾ തയ്യാറാക്കുന്ന പച്ചക്കറികൾ കുടുംബശ്രീ നാട്ടുചന്ത, വെജിറ്റബിൾ കിയോസ്ക്, വിപണനമേളകൾ എന്നിവയിലൂടെ ജനങ്ങളിലെത്തിക്കും.
കുടുംബശ്രീകുടുംബശ്രീ ഉപജീവന പദ്ധതിയിൽ ‘ഓണം കുടുംബശ്രീയോടൊപ്പം’ ആശയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചേന, ചേമ്പ്, ചീര, വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിച്ച് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കും.
നിലമൊരുക്കൽ, തൈ നടീൽ, വിള പരിപാലനം, കീട നിയന്ത്രണം തുടങ്ങിയവയിൽ വനിതാകർഷക ഗ്രൂപ്പുകൾക്ക് കാർഷിക മേഖലയിലെ സി. ആർ.പിയുടെ (കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) നേതൃത്വത്തിൽ പരിശീലനവും നൽകിയിട്ടുണ്ട്.
ഓണവിപണി ലക്ഷ്യമാക്കി ജെ.എൽ.ജി ഗ്രൂപ്പുകളിലുടെ കുടുംബശ്രി പൂകൃഷിയും വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ‘നിറപൊലിമ’ എന്ന പേരിലുള്ള പദ്ധതിയിൽ ചെണ്ടുമല്ലി , ബന്തി എന്നിവ വിളയിച്ച് വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 167 ജെ.എൽ. ജികളിലായി 48.5ഏക്കറിലാണ് പൂകൃഷി വിളയിക്കുക.
അത്യുൽപാദന ശേഷിയുള്ള സങ്കരയിനം തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറി വഴിയും നിലവിൽ ഉൽപാദിപ്പിക്കുന്നുണ്ട്. നഴ്സറിയിലൂടെയും കൃഷിഭവനിലുടെയുമാണ് ഇവ ലഭ്യമാക്കുന്നതെന്നും കുടുംബശ്രീ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.