പത്തനംതിട്ട: വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതിക്ക് പരിഹാരമായി എല്ലാ ഡിപ്പോകളിലും മൊബൈൽ കണക്ഷൻ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലും മൊബൈൽ ഫോണെത്തി. 9188933744 എന്നതാണ് പത്തനംതിട്ട ഡിപ്പോക്ക് അനുവദിച്ച ഔദ്യോഗിക മൊബൈലിന്റെ നമ്പർ.
ജൂലൈ ഒന്ന് മുതലാകും പുതിയ മൊബൈൽ നമ്പർ നിലവിൽ വരുക. ഇതോടെ ഡിപ്പോയിലെ ലാൻഡ്ഫോണും ഒഴിവാക്കും. സ്റ്റേഷൻ മാസ്റ്റർക്കായിരിക്കും ചുമതല. ജീവനക്കാരും പൊതുജനങ്ങളും ജൂലൈ ഒന്നു മുതൽ അന്വേഷണങ്ങൾക്കും ആവശ്യങ്ങൾക്കുമായി പുതിയ മൊബൈൽ നമ്പറിലേക്കു വേണം വിളിക്കേണ്ടത്. പുതിയതായി ലഭിച്ച മൊബൈൽ നമ്പർ സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് മുമ്പിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും മൊബൈൽ നൽകുമെന്ന് വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ചത്. 24 മണിക്കൂറും മൊബൈൽ വഴി വിവരങ്ങൾ ലഭിക്കുമെന്നതിനാൽ എൻക്വയറി കൗണ്ടറിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗതാഗതമന്ത്രി നേരിട്ട് വിളിച്ചപ്പോള്‍ പലയിടങ്ങളിലും ഫോണ്‍ എടുക്കുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയായിരുന്നു മൊബൈൽ ഫോൺ തീരുമാനം. പത്തനംതിട്ട ഡിപ്പോയിലെ അന്വേഷണ വിഭാഗവും ഹെൽപ് ഡെസ്ക്കും രണ്ടാഴ്ച മുമ്പ് നിർത്തലാക്കിയിരുന്നു.
ഇതോടെ ബസിന്റെ സമയവും മറ്റും ചോദിച്ച് സ്റ്റേഷൻ ഓഫിസിൽ എത്തിയാൽ വിവരം നൽകാൻ ആളില്ലെന്നതായിരുന്നു സ്ഥിതി. മറ്റ് ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള മുതിർന്ന കണ്ടക്ടർമാരെയായിരുന്നു അന്വേഷണ വിഭാഗത്തിൽ നിയോഗിച്ചിരുന്നത്. ഇവരെയെല്ലാം പുതിയ ജോലികളിലേക്ക് മാറ്റി.
അതിനിടെ, ജീവനക്കാരുടെ അഭാവം പത്തനംതിട്ട ഡിപ്പോയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. പല പ്രധാന റൂട്ടുകളിലും ബസ് സർവീസ് ഇല്ല.
15 വർഷത്തിൽ മുകളിലുള്ള ബസുകളാണ് ഭൂരിഭാഗവും. ഇതിൽ പലതും വഴിയിൽ ബ്രേക്ക് ഡൗണാകുന്നതും പതിവാണ്. സ്പെയർ പാർട്സ് ക്ഷാമവും അനുഭവപ്പെടുന്നു. ഇതോടെ കട്ടപ്പുറത്താകുന്ന ബസുകൾ കൂടി വരികയാണെന്നും ജീവനക്കാർ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.