കോന്നി: മൂഴിയാറിന്റെ ജീവിതത്തിനൊപ്പമുള്ള ആനവണ്ടി യാത്രക്ക് 43 വർഷം. കെ.എസ്.ആർ.ടി.സിയുടെ കാട്ടാക്കട-തിരുവനന്തപുരം-മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ ബസാണ് നാടിന് മായാകാഴ്ചയായി സർവീസ് നടത്തുന്നത്. നാലു പതിറ്റാണ്ടായി മുടങ്ങാതെ സർവീസ് നടത്തുന്ന ബസ് ദിവസവും പുലർച്ചെ 4.10ന് കാട്ടാക്കടയിൽനിന്ന് പുറപ്പെടും. 207 കിലോമീറ്റർ യാത്ര ചെയ്ത് 11ഓടെ മൂഴിയാറിലെത്തും.
തിരികെ മൂന്നരയോടെ പുറപ്പെടുന്ന ബസ് രാത്രി 9.30നു കാട്ടാക്കടയിൽ എത്തും. 43 വർഷമായി സ്ഥിര യാത്രക്കാരുമായി നിലയ്ക്കാത്ത സർവീസ് നടത്തുകയാണ് ഈ ബസ്. മൂഴിയാർ നിവാസികൾക്കും ജീവനക്കാർക്കും വെറുമൊരു കെ.എസ്. ആർ.ടി.സി ബസ് മാത്രമല്ല ഇത്. ഇപ്പോൾ ഗവി അടക്കം കൂടുതൽ സർവീസുണ്ടെങ്കിലും മൂഴിയാർ ബസിനോടുള്ള നാട്ടുകാരുടെ ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല.
പതിറ്റാണ്ടുകളായി നിർത്താതെ സർവീസ് നടത്തുകയും ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്ത ബസ് മൂഴിയാർ നിവാസികൾക്ക് എന്നും പ്രീയപ്പെട്ടതാണ്. ആദ്യ കാലത്ത് പാലും പച്ചക്കറികളും അവശ്യവസ്തുക്കളും എന്നല്ല, കത്തുകൾ വരെ എത്തിക്കുവാൻ ഇതായിരുന്നു ആശ്രയം. ഇപ്പോഴും ഈ ബസാണ് മെയിൽ വാഹനം. നാട്ടുകാർക്ക് പുറമേ കക്കിയിലും ആനത്തോട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥർ, ഈറ്റ വെട്ട് തൊഴിലാളികൾ എന്നിവർ എല്ലാം ഈ വാഹനത്തെ ആശ്രയിച്ചാണ് യാത്ര.
കാട്ടാക്കടയിൽനിന്ന് 207 കിലോമീറ്റർ സഞ്ചാരിച്ചാണ് ബസ് എത്തുന്നത്. ആങ്ങമൂഴി കഴിഞ്ഞാൽ കൊടും വനത്തിലൂടെയുള്ള യാത്ര. ആങ്ങമൂഴിയിൽ നിന്ന് മൂഴിയാർ വരെ 18 കിലോമീറ്റർ സഞ്ചരിക്കണം. കാടിന്റെ സൗന്ദര്യവും ആസ്വദിച്ച് വന്യജീവികളെയും കണ്ട് ശുദ്ധ വായുവും ശ്വസിച്ച് യാത്ര ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 43 വർഷം സർവീസ് പൂർത്തിയാക്കിയ ബസിനെ തിരുവനന്തപുരം മലയൻകീഴ് പഞ്ചായത്ത് അടുത്തിടെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.