പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ പുതുതായി അനുവദിച്ച എ.സി സ്ലീപ്പര്‍ വോള്‍വോ ബസുകൾ മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ പുതുതായി അനുവദിച്ച എ.സി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയിലെ മാറ്റം പ്രകടമാണ്. പഠനം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലേക്ക് പോകുന്ന നിരവധി ആളുകൾ ജില്ലയിലുണ്ട്. റെയില്‍വേ സേവനങ്ങള്‍ക്ക് തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവടങ്ങളെയാണ് ആശ്രയിക്കുന്നത്.
കോന്നി, റാന്നി, പത്തനംതിട്ട എന്നീ കേന്ദ്രങ്ങളില്‍ നിന്ന് സൗകര്യപ്രദമായി ബംഗളൂരുവിലേക്ക് സഞ്ചരിക്കാന്‍ എ.സി സ്ലീപ്പർ ബസുകൾ സഹായകമാകും. പത്തനംതിട്ട ഡിപ്പോ 19 ലക്ഷത്തിനു മുകളില്‍ വരുമാനം നേടിയത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. എ.സി സ്ലീപ്പര്‍ വോള്‍വോ ബസിന് 36 സീറ്റാണുള്ളത്. ഓണ്‍ലൈന്‍ മുഖേനയാണ് ബുക്കിങ്. ദിവസവും വൈകിട്ട് 5.30ന് ഡിപ്പോയില്‍നിന്ന് സര്‍വീസ് ആരംഭിച്ച് അടുത്തദിവസം രാവിലെ ഏഴിന് ബംഗളൂരുവിൽ എത്തും.
ദിവസവും വൈകിട്ട് അഞ്ചിന് തിരികെയുള്ള സർവീസ് ആരംഭിക്കും. രാവിലെ 8:30ന് പത്തനംതിട്ടയിൽ എത്തും. ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, മനോജ് മാധവശേരില്‍, കെ.അനില്‍കുമാര്‍, ബി. ഹരിദാസ്, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, ഷാഹുല്‍ ഹമീദ്, നിസാര്‍ നൂര്‍ മഹാല്‍, രാജു നെടുവമ്പ്രം, വര്‍ഗീസ് മുളയ്ക്കല്‍, അബ്ദുല്‍ മനാഫ്, സത്യന് കണ്ണങ്കര, കെ.എസ്.ആർ.ടി.സി പ്രതിനിധികളായ ജി. ഗിരീഷ് കുമാര്‍, ജി. മനോജ്, ഷിജു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.