പുറമറ്റം പഞ്ചായത്തി​െൻറ ത​ക​ർ​ത്ത വാ​ഹ​നം

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്‍റിന്റെ വാഹനം തകർത്തു

കോഴഞ്ചേരി: പ്രസിഡന്‍റിനെതിരെ ബുധനാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവന്ന പുറമറ്റത്ത് പഞ്ചായത്തിന്റെ വാഹനം തകർത്ത നിലയിൽ. പ്രസിഡന്റ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനമാണ് അടിച്ചുതകർത്തത്.ഗ്രാമപഞ്ചായത്തിൽ സ്വന്തം മുന്നണിയിൽപെട്ട പ്രസിഡന്റ് സൗമ്യ ജോബിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ക്വോറം തികയാത്തതിനാൽ ചർച്ച ചെയ്യാതെ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.

യു.ഡി.എഫ് അംഗങ്ങൾക്കൊപ്പം സൗമ്യ ജോബിയും യോഗത്തിൽ പങ്കെടുക്കാതെ വന്നതിനെ തുടർന്നാണ് ക്വോറം തികയാതെ പോയത്.പഞ്ചായത്ത് ഓഫിസിന്റെ പരിസരത്ത് സ്ഥലപരിമിതി ഉള്ളതിനാൽ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് സ്ഥലത്താണ് സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചില്ലുകൾ തകർത്ത നിലയിൽ പഞ്ചായത്ത് വാഹനം കാണപ്പെട്ടത്.

എൽ.ഡി.എഫ് സ്വതന്ത്രയായി അഞ്ചാം വർഡിൽനിന്ന് വിജയിച്ച സൗമ്യ ജോബിക്ക് പ്രസിഡന്‍റായി കഴിഞ്ഞ ജനുവരി 29 വരെയായിരിരുന്ന കാലാവധി നിശ്ചയിച്ച് നൽകിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും സ്ഥാനം ഒഴിയാൻ അവർ വിസമ്മതിക്കുകയും തുടർന്ന് എൽ.ഡി.എഫുതന്നെ അവിശ്വാസം കൊണ്ടുവരുകയുമായിരുന്നു.

13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് ഏഴ്, യു.ഡി.ഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനില. നിലവിലെ പ്രസിഡന്റ് യു.ഡി.എഫിനൊപ്പം ചേർന്ന് അവിശ്വാസം ചർച്ചക്കെടുക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിന്നതിനെ തുടർന്ന് പകുതി അംഗങ്ങൾ ഹാജരില്ലാത്ത കാരണത്താൽ ക്വോറം തികയാതെ വരുകയായിരുന്നു. സ്വന്തം മുന്നണിയുടെ പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ നീക്കം പരാജയപ്പെട്ടതിൽ അരിശം പൂണ്ട സി.പി.എം പ്രവർത്തകരാണ് വാഹനം തകർത്തതെന്ന് യു.ഡി.എഫ് ആരോപിച്ചു. 

Tags:    
News Summary - Kottayam panchayat president's vehicle smashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.