പത്തനംതിട്ട: കടമ്മനിട്ട ഭഗവതിക്ഷേത്രത്തിലെ വലിയപടയണി ശനിയാഴ്ച രാത്രി നടക്കും. പടയണി അതിന്റെ പൂർണ്ണ രൂപത്തിൽ എത്തുന്നത് വലിയ പടയണിക്കാണ്. വൈകിട്ട് 7.15 ന് സാംസ്കാരിക സമ്മേളനം ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻ പുരസ്കാരം കടമ്മനിട്ട പടയണി ആശാൻ പി.ടി.പ്രസന്നകുമാറിന് സമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പടയണി പുരസ്കാരം കോലമെഴുത്ത് ആശാൻ അരവിന്ദാക്ഷൻ പിള്ളയ്ക്കും സമർപ്പിക്കും. ചടങ്ങിൽ പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള രചിച്ച ‘എത്തനോ മ്യൂസിക്കോളജി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. ഡോ.ബി. രവികുമാർ കുന്നന്താനം പങ്കെടുക്കും. 8.15ന് ഗാനാർച്ചന. 11 മണിയോടെയാണ് ക്ഷേത്രത്തിലേക്കുള്ള കോലങ്ങളുടെ എടുത്തുവരവ്.
തുടർന്ന് കളത്തിൽ കാപ്പൊലിക്കൽ. വെളിച്ചപ്പാടിന്റെ വരവും തപ്പുമേളവും കഴിഞ്ഞാൽ കോലങ്ങൾ തുള്ളി തുടങ്ങും. പിറ്റേന്ന് കാവിൽ വെളിച്ചം വീഴുമ്പോഴാണ് അവസാനകോലമായ മംഗളഭൈരവിയുടെ വരവ്.
തുടർന്ന് പൂപ്പടതുള്ളി കരവഞ്ചിയും തുഴഞ്ഞ് തട്ടുമ്മേക്കളിയും കഴിയുന്നതോടെ വലിയപടയണി സമാപിക്കും. ഞായറാഴ്ച ഭഗവതിക്ക് പള്ളിയുറക്കമാണ്. ക്ഷേത്രത്തിലേക്ക് ആർക്കും പ്രവേശനമില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പകൽ പടയണി നടക്കും. വൈകീട്ട് എഴുന്നള്ളത്തിനുശേഷം ഭഗവതിയെ ശ്രീകോവിലിലേക്ക് കൊട്ടിക്കയറ്റുന്നതോടെ ചടങ്ങുകൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.