ശബരിമല : സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മലകയറുന്ന തീർഥാടകർക്ക് മഴ വലിയ ബുദ്ധിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മലചവിട്ടി എത്തുന്ന തീര്‍ഥാടകര്‍ ശരിയായ പാതയിലൂടെമാത്രമേ വരാനും ദര്‍ശനത്തിന് ശേഷം മടങ്ങാനും പാടുള്ളുവെന്ന് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയുള്ളപ്പോള്‍ കുറുക്ക് വഴികള്‍ അപകടക്കെണിയാകുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ മുതല്‍ ഉച്ചവരെ നല്ലവെയില്‍ ആണെങ്കിലും ഉച്ചയ്ക്ക്ശേഷം ശക്തമായ മഴയാണ് ഉണ്ടാകുന്നത്. മഴ സജീവമായതോടെ പമ്പാ നദിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ പമ്പയിൽ കുളിക്കുമ്പോൾ തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ നീന്താന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു. എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും പൊലീസും നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ശബരിമല : കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ പമ്പയിലും സന്നിധാനത്തുമുള്ള മുഴുവൻ അടിയന്തരസേനാംഗങ്ങളും തയാറെടുപ്പുകൾ നടത്തി സജ്ജമായി. അഗ്നിശമന സേനാംഗങ്ങളെ സന്നിധാനത്തുള്ള പത്ത് പോയിന്റുകളിൽ എല്ലാ വിധ സജ്ജീകരണങ്ങളോടെയും വിന്യസിപ്പിച്ചു. സദാ ജാഗ്രത പുലർത്തുവാനും അടിയന്തരസാഹചര്യം മുന്നിൽക്കണ്ട് പ്രവർത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പമ്പയിൽ നിലവിലെ ജലനിരപ്പ് സാധാരണഗതിയിലാണെങ്കിലും റെഡ് അലർട്ട് കണക്കിലെടുത്ത് ഇറങ്ങി കുളിക്കുന്നത് നിയന്ത്രിക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസുകാരെയും പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചു. ശരംകുത്തി, മരക്കൂട്ടം സന്നിധാനം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങളും അറിയിപ്പുകളും സേന നൽകുന്നുണ്ട്.
ദുരന്ത നിവാരണ ഉപകരണങ്ങളോട് കൂടി ദേശീയ ദുരന്തനിവാരണ സേനയുടെ ഒരുടീം സന്നിധാനത്തും ഒരുടീം പമ്പയിലും പ്രവർത്തിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ആവശ്യംവന്നാൽ ഉപയോഗപ്പെടുത്താൻ ഒരു ടീം തൃശ്ശൂരിലും സജ്ജമാണ്. മണ്ണിടിച്ചിലോ കൂട്ട ദുരന്തമോ മുന്നിൽ കണ്ട് എട്ട് ഡോക്ടർമാരും 50 സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘം സന്നിധാനം ആശുപത്രിയിൽ സജ്ജമാണ്. രണ്ട് ഐ.സി.യു ബെഡുകളും ഒരു സെമി ഐ.സി.യു ബെഡും അടങ്ങുന്ന സൗകര്യങ്ങൾ സന്നിധാനം സഹസ് കാർഡിയോളജി ക്ലിനിക്കിൽ ലഭ്യമാണ്. യാതൊരു വിധത്തിലുള്ള വൈദ്യുതി വിച്ഛേദനവും ഉണ്ടാകാതരിക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും കെ.എസ്.ഇ.ബി നടത്തിയിട്ടുണ്ട്. പമ്പയും സന്നിധാനവും മുഴുവനായും കേബിൾ സംവിധാനത്തിൽ വൈദ്യുതി വിതരണം നടത്തുന്നതിനാൽ അപകട സാധ്യത കുറവാണ്. സേനാംഗങ്ങളുടെ നിർദേശങ്ങൾ തീർഥാടകർ പാലിക്കണമെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.