പത്തനംതിട്ട: വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ-മാലിന്യം വില നൽകി ശേഖരിക്കാനൊരുങ്ങി ഹരിതകർമ സേന. സംസ്ഥാനത്ത് മുൻസിപ്പാലിറ്റി തലങ്ങളിൽ ആഗസ്റ്റ് 15 വരെ നടക്കുന്ന ശേഖരണം ജില്ലയിലെ എല്ലാ നഗരസഭയിലും നടപ്പാക്കും.
തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലീൻ കേരള കമ്പനിയാണ് ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ മാലിന്യം ശേഖരിച്ച് അളവ് അനുസരിച്ച് പണം നൽകും. അപകടരമല്ലാത്ത ഇലക്ട്രോണിക്ക്-ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങളാണ് വില നൽകി ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരസഭ പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നായിരിക്കും മാലിന്യം എടുക്കുക. രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം ലഭിക്കുക.
നിലവിൽ അജൈവ പാഴ് വസ്തു ശേഖരണ കലണ്ടർ പ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഹരിതകർമസേന മുഖേന വർഷം രണ്ടു തവണ ഇ മാലിന്യം ശേഖരിക്കാൻ ക്രമീകരണമുണ്ട്.
ഇ മാലിന്യം കൃത്യമായി ഹരിതകർമസേനക്ക് കൈമാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായാണ് വില നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം എം.സി.എഫിൽ സൂക്ഷിക്കും. ഇവിടെനിന്നു നിശ്ചിത ദിവസം ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറും. കമ്പനി ഇത് ശാസ്ത്രീയ പുനഃചംക്രമണത്തിന് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.