പത്തനംതിട്ട വെട്ടിപ്രത്തെ സുബല പാർക്ക്
പത്തനംതിട്ട: ജില്ല ആസ്ഥാനത്തേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് രൂപം നൽകിയ സുബല പാർക്കിന്റെ നിർമാണം പുനരാരംഭിക്കുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതിയായതോടെയാണ് വീണ്ടും പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ത്തനംതിട്ട നഗരസഭ അമൃത് പദ്ധതിയിലൂടെ സമർപ്പിച്ച 75 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. സുബല കോംപ്ലക്സിലെ പാർക്കിന്റെ തടാകത്തിന് ചുറ്റും സംരക്ഷണഭിത്തി കെട്ടുന്ന പ്രവർത്തി പൂർത്തീകരിക്കാനും തടാകത്തിന് ചുറ്റും ടൈൽ പാകി നടപ്പാത നിർമിക്കാനുമാണ് നഗരസഭ പദ്ധതി തയാറാക്കിയത്.
പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലാണ് പാർക്ക്. പാർക്കിന്റെ പുനരുദ്ധാരണത്തിന് അമൃത് പദ്ധതിയിൽനിന്ന് സഹായം നൽകാമെന്ന് നേരത്തെ നഗരസഭ പട്ടികജാതി വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, നഗരസഭ ഫണ്ട് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായി. ഇതോടെ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നഗരസഭചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണ ചുമതല ജില്ല നിർമിതി കേന്ദ്രത്തിന് നൽകി നവീകരണത്തിനായി വകുപ്പ് ഉത്തരവ് ഇറക്കി. എന്നാൽ നിർമിതികേന്ദ്രം നിർമാണ ചുമതല ഏറ്റെടുത്തില്ല. ഇതോടെ നഗരസഭ വീണ്ടും നഗരസഭ പട്ടികജാതി വകുപ്പിനെ സമീപിച്ചു.
അമൃത് പദ്ധതിയിലൂടെ ലഭിച്ച തുക നഷ്ടപ്പെടുമെന്നും വകുപ്പിനെ അറിയിച്ചു. ഇതോടെ നിർമാണ ചുമതല കൂടി നഗരസഭയെ ഏൽപ്പിക്കാൻ പട്ടികജാതി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനാണ് കഴിഞ്ഞദിവസം സാങ്കേതിക അനുമതി ലഭിച്ചത്. ടെൻഡർ നടപടി ആരംഭിച്ചതായും മഴകുറയുന്നതോടെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
1995ലാണ് സുബല പാർക്ക് ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. പത്തനംതിട്ട -തോന്ന്യാമല റോഡിൽ വെട്ടിപ്രത്തെ അഞ്ച് ഏക്കർ പാടശേഖരം ഇതിനായി ഏറ്റെടുത്തു. വിശാലമായ ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, ബോട്ടിങ് സൗകര്യം എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതിൽ സാംസ്കാരിക പരിപാടികൾ നടത്താനായി ഓഡിറ്റോറിയം നിർമിച്ചു.
പാർക്ക് നിർമാണത്തിന്റെ ഭാഗമായി തടാകവും നിർമിച്ചു. ഇതിനുപിന്നാലെ ഫണ്ടിൽ തട്ടി നിർമാണജോലികൾ നിലച്ചു. ഇതോടെയാണ് നഗരസഭ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്. നിലവിൽ കാട് കയറികിടക്കുകയാണ് പദ്ധതി പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.