പത്തനംതിട്ട: ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് മെസേജ് അയച്ച് പാൻകാർഡ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ജില്ലയിൽ നിരവധി ആളുകളുകൾക്ക് ഇത്തരത്തിൽ വാട്സ്ആപ് മെസേജുകൾ ലഭിച്ചു. മെസേജുകൾക്കൊപ്പം അയക്കുന്ന ബാങ്കുകളുടെ പേരിലുള്ള വ്യാജ ലിങ്കുകൾ ഓപൺ ചെയ്യാനാണ് നിർദേശം. ഇങ്ങനെ ഓപൺ ചെയ്യുന്ന ലിങ്കുകളിൽ പാൻകാർഡ് നമ്പറുകൾ ചേർക്കാനാണ് അടുത്ത നിർദേശം. ഇതുചെയ്തു കഴിയുമ്പോഴാണ് പണം തട്ടിയെടുക്കുന്നത്.
പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ മനോജിന്റെ ഫോണിലേക്ക് യൂനിയൻ ബാങ്കിന്റേതായ മെസേജാണ് കഴിഞ്ഞദിവസം എത്തിയത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും ഉടൻ പാൻകാർഡ് വിവരങ്ങൾ ബാങ്കിന്റെ ലിങ്കിൽ ചേർക്കാനുമായിരുന്നു നിർദേശം. മെസേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ മനോജ് പത്തനംതിട്ട ബ്രാഞ്ച് മാനേജർക്ക് പരാതി നൽകി. തങ്ങൾ ഇങ്ങനെ മെസേജുകൾ അയക്കാറില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
എസ്.ബി.ഐയുടെ ഓൺലൈൻ കസ്റ്റമർ എന്ന പേരിലും തട്ടിപ്പുകൾ വ്യാപകമാണ്. എസ്.ബി.ഐ ഓൺലൈൻ ഡെസ്ക് എന്ന പേരിലാണ് വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്നു എന്ന പേരിലാണ് തട്ടിപ്പ്. ഓൺലൈൻ വ്യാപാരം നടത്തുമ്പോൾ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ തരപ്പെടുത്തിയാണ് തട്ടിപ്പുകൾ നടുത്തുന്നത് കൂടുതലും. മെസേജ് അയച്ച ഫോൺ നമ്പർ സഹിതം ചില അക്കൗണ്ട് ഉടമകൾ ബാങ്ക് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.