പത്തനംതിട്ട: കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിലെ രാസമാലിന്യ ഭീതിയിൽ മൽസ്യ വിൽപന ഇടിഞ്ഞതോടെ നാട്ടിലെങ്ങും ഇറച്ചി വില കുത്തനെ കൂട്ടി. വലിയ പെരുന്നാളിന് മുന്നോടിയായി കോഴി, ആട്, കാള , പോത്ത് ഇറച്ചികളുടെ വില കുതിച്ചുയർന്നു. 120-125 രൂപയായിരുന്ന കോഴി വില 155-160 രൂപയിലെത്തി. നാടൻകോഴിമുട്ട 8-10 രൂപയായി. താറാവിൻ മുട്ടക്കും 12 രൂപ വരെയായി.
കിലോക്ക് 400 രൂപയായിരുന്ന മാട്ടിറച്ചി 440 വരെ ഉയർന്നു. പോത്തിറച്ചിക്ക് 480 രൂപയാണ്. ആട്ടിറച്ചി വില 850ൽ നിന്ന് 950- 1000 വരെയായി. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ജില്ലയിൽ ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നത്. ഒരിടത്തും ശുചിത്വം ഇല്ല. ആരോഗ്യ വകുപ്പാകട്ടെ പരിശോധന നടത്താറില്ല .പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ അനധികൃതമായും ചിലയിടങ്ങളിൽ ഇറച്ചി കടകൾ പ്രവർത്തിക്കുന്നുണ്ട് . വില വർധന നിയന്ത്രിക്കാൻ സർക്കാർ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
അന്യ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന രോഗം ബാധിച്ച കന്നുകാലികളുടെ ഇറച്ചിയും വ്യാപകമായി കച്ചവടം നടക്കുന്നു. സീസൺ സമയങ്ങളിൽ കൂടുതൽ കന്നുകാലികളെ എത്തിക്കാറുണ്ട്. ഒരു പരിശോധനയും നടക്കാറില്ല. കടൽ മീനുകൾ ഉപയോഗിക്കാൻ ഭീതിയേറിയതോടെ നാടൻ മത്സ്യ വിലയും കൂടി . കരിമീൻ വില 450 രൂപ യിൽ നിന്ന് 550-600 രൂപയായി. വരാൽ, കാരി, മുശി, വാള,കൂരി എന്നിവയുടെ വിലയും ഉയർന്നു. പടിഞ്ഞാറൻ മേഖലകളിൽ നാടൻ മത്സ്യ വിൽപന വർധിച്ചിട്ടുണ്ട്. എന്നാൽ കടൽ മത്സ്യങ്ങൾ വിൽക്കുന്ന കടകളിൽ തീരെ വിൽപന ഇല്ല.
പ്രധാന മത്സ്യ മാർക്കറ്റുകളായ കുമ്പഴ, പത്തനംതിട്ട, പറക്കോട് എന്നിവിടങ്ങളിൽ മത്സ്യ കച്ചവടം തീരെ നടക്കുന്നില്ല. പലയിടത്തും മൽസ്യക്കടകൾ അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡരികിലെ മത്സ്യ സ്റ്റാളുകൾ മിക്കതും അടഞ്ഞു കിടക്കുകയാണ്. നാട്ടിൻ പുറങ്ങളിൽ വാഹനങ്ങളിൽ എത്തിയുള്ള കച്ചവടവും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.