മൈലപ്രയിൽ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണക്കുന്നു
പത്തനംതിട്ട: മൈലപ്രയിൽ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ തീ പടർന്നു. എസ്.പി ഓഫിസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മൈലപ്ര ജങ്ഷനിലെ ബിനുവിന്റെ ഉടമസ്ഥതയിൽ റെയിൻബോ അലുമിനിയം ഫാബ്രിക്കേഷൻ കടയിലാണ് തീ പിടിച്ചത്.
പ്ലാസ്റ്റിക് കത്തുന്നതിന്റെ ഗന്ധം വന്നപ്പോൾ തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എസ്.പി ഓഫിസ് മിനിസ്റ്റീരിയൽ ജീവനക്കാരായ അരവിന്ദ്, മിഥുൻ, രാജേഷ്, ശരത്, ഫോറസ്റ്റ് ജീവനക്കാരനായ ഷിനോജ് എന്നിവരെത്തി പരിശോധിച്ചപ്പോഴാണ് അലുമിനിയം ഫാബ്രിക്കേഷൻ കടയിലെ വൈദ്യുതി മെയിൻ സ്വിച്ചിൽനിന്ന് തീ പടരുന്നത് കണ്ടത്. ഉടൻ ഹോട്ടലിൽ ബാരലിൽ സൂക്ഷിച്ചിരുന്ന വെള്ളം കൊണ്ടുവന്ന് തീ അണക്കുകയും മെയിൻ സ്വിച്ച് ഓഫാക്കുകയും ചെയ്തു.
ഹോട്ടലിൽനിന്ന് ആറോളം ഗ്യാസ് സിലിണ്ടറും അലുമിനിയം കടയിൽനിന്ന് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങളും എടുത്തുമാറ്റി. തീ പിന്നെയും പുകഞ്ഞ് കത്തിയതോടെ ജീവനക്കാർ അഗ്നിരക്ഷാ സേനയെ അറിയിച്ചു. പത്തനംതിട്ടയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ പൂർണമായും കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.