പത്തനംതിട്ട: പിതാവിൽനിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങിയ 12കാരനെ അമ്മക്ക് കൈമാറുന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനം. വിദേശത്തുള്ള മാതാവ് വെള്ളിയാഴ്ച ശിശുക്ഷേമസമിതിക്ക് മുന്നിൽ ഹാജരാകും. ചട്ടുകം ചൂടാക്കി കൈയിൽവെച്ച് പൊള്ളിക്കൽ, തല ഭിത്തിയിൽ ഇടിപ്പിക്കൽ എന്നിങ്ങനെ ക്രൂരമായി മകനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചൈൽഡ് ലൈൻ ഹെൽപ്ലൈനിൽ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. പത്തനംതിട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട അഴൂരിലായിരുന്നു സംഭവം. പിതാവും മകനും മാത്രമാണ് വീട്ടിൽ താമസം. കുട്ടിയുടെ ചെറുപ്പത്തിലെ അച്ഛനും അമ്മയും വിവാഹബന്ധം വേർപെടുത്തിയിരുന്നു. കഴിഞ്ഞദിവസം പ്ലാസ്റ്റിക് കയർ നാലായി മടക്കികെട്ടി പുറത്തും നടുവിനും അടിച്ച് മുറിവുണ്ടാക്കി. സഹിക്കാനാവാതെ കുട്ടി കരഞ്ഞുകൊണ്ട് അയൽവീട്ടിൽ ഓടിക്കയറി. അവരാണ് ചൈൽഡ് ലൈൻ ഹെൽപ്ലൈനിൽ വിവരം അറിയിച്ചത്.
ആദ്യം വിവരങ്ങളൊന്നും വെളിപ്പെടുത്താൻ കുട്ടി തയാറായില്ല. പീഡനം പുറത്തുപറഞ്ഞാൽ വീണ്ടും മർദനം ഏൽക്കേണ്ടിവരുമെന്ന ഭയമായിരുന്നു കാരണം. പിന്നീട് ശിശുക്ഷേമസമിതി കൗൺസലിങ് നടത്തി. ഇതിൽ വർഷങ്ങളായി അനുഭവിക്കുന്ന ക്രൂരത കുട്ടി വെളിപ്പെടുത്തി. അമ്മ മറ്റൊരാൾക്കൊപ്പം പോയെന്നാണു പിതാവ് ധരിപ്പിച്ചിരുന്നത്. വിവാഹബന്ധം പിരിയുന്ന സമയത്ത് കാര്യമായ വരുമാനമില്ലാത്തതിനാൽ കുട്ടിയെ പിതാവിനൊപ്പം വിടാൻ അമ്മ സമ്മതിക്കുകയായിരുന്നു. പിന്നീട് വിദേശത്ത് പോയ ഇവർ പലപ്പോഴായി നാട്ടിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.