പത്തനംതിട്ട: ഇടതു സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന - വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കും. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന - ക്ഷേമപദ്ധതികളെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുക, നാട് കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുക, കുടുംബശ്രീ പ്രവര്‍ത്തകരുടെയും ചെറുകിട സംരംഭകരുടെയും ഉൽപന്നങ്ങള് വിപണനം ചെയ്യാൻ അവസരം ഒരുക്കുക, കലാകാരന്മാർക്ക് കൈത്താങ്ങാകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
‘യുവതയുടെ കേരളം’, ‘കേരളം ഒന്നാമത്’ എന്നിവയാണ് മേളയുടെ തീം. 12ന് ഉച്ചക്ക് 2.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് ജില്ല സ്റ്റേഡിയത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള കലാരൂപങ്ങള്‍ ഘോഷയാത്രക്ക് പൊലിമകൂട്ടും. ദിവസവും രാവിലെ ബോധവത്കരണ സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് വിവിധ വകുപ്പുകളുടെ കലാപരിപാടികളും ജില്ലയിലെ പരമ്പരാഗത കലകളുടെ അവതരണവും അരങ്ങേറും. വൈകീട്ട് ഏഴിന് പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന കലാസന്ധ്യ നടക്കും.
കേരളം ഒന്നാമത് പ്രദര്‍ശനം, ടൂറിസം പവിലിയന്, കിഫ്ബി വികസന പ്രദര്‍ശനം, ബി ടു ബി മീറ്റ്, അമ്യൂസ്മെന്റ് ഏരിയ, ഡോഗ് ഷോ, സെല്‍ഫി പോയന്റ്, സ്പോര്‍ട്സ് ഏരിയ, നവീന സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക- വാണിജ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, തത്സമയ മത്സരങ്ങള്‍ തുടങ്ങിയവ മേളയെ ആകര്‍ഷകമാക്കും.
12ന് വൈകീട്ട് നാലിന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
18ന് വൈകീട്ട് നാലിന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിലെ സമ്മാനദാനവും മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
‘എന്റെ കേരളം’ പ്രദർശന - വിപണന മേളക്ക് ഒരുക്കുന്നത് 70,139 ചതുരശ്രയടി പന്തൽ. ആകെ 205 സ്റ്റാളുണ്ടാകും. ഇതിൽ 47 സ്റ്റാൾ സര്‍ക്കാർ വിഭാഗത്തിലും 39 എണ്ണം യൂത്ത് സെഗ്മെന്റിലും 119 എണ്ണം കമേഴ്സ്യൽ വിഭാഗത്തിലുമായിരിക്കും.ശീതീകരിച്ച തീം- കമേഴ്സ്യൽ സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, ഫുഡ് കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാകും.
കിഫ്ബിയാണ് മേള നടത്താനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത്. സ്റ്റീഫൻ ദേവസി ആന്‍ഡ് സോളിഡ് ബാന്‍ഡിന്റെ ഉപകരണ സംഗീതമേള, പിന്നണിഗായകരായ മഞ്ജരി, പന്തളം ബാലൻ, ദേവാനന്ദ്, അപര്‍ണ രാജീവ്, താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡ് എന്നിവരുടെ ഗാനമേള, പ്രസീത ചാലക്കുടിയുടെ സംഗീതപരിപാടി, പള്ളിയോട സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട്, ജില്ല കഥകളി ക്ലബിന്റെ കഥകളി എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.