പത്തനംതിട്ട: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ രാമങ്കരി പൊലീസ് സ്റ്റേഷന് പരിധിയില്‍ മുട്ടാര്‍ വില്ലേജില്‍ മിത്രമഠം കോളനിയില്‍ ലതിന് ബാബുവാണ് (33) അറസ്റ്റിലായത്. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുവല്ല കുറ്റൂര്‍ ചിറ്റിലപ്പടിയിൽ വാടകക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന സൈക്കിളിലും സ്കൂട്ടറിലുമായി കറങ്ങിനടന്ന് സ്ത്രീകളെ നിരീക്ഷിച്ച് മാല പൊട്ടിക്കുകയാണ് രീതി.
മോഷണമുതലുകള്‍ ഭാര്യയെക്കൊണ്ട് ജ്വല്ലറികളിലും സ്വര്‍ണ പണമിടപാട് സ്ഥാപനങ്ങളിലും വില്‍ക്കുകയാണ് ചെയ്യുന്നത്. തിരുവല്ല, പുളിക്കീഴ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, രാമങ്കരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് എഴോളം കേസുകളും, ഇരുചക്രവാഹനം മോഷ്ടിച്ചതിന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെയുണ്ട്. മറ്റ് ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തില്‍ എസ്.സി.പി.ഒ ജോബിന് ജോണ്‍, സി.പി.ഒമാരായ ഉമേഷ്, ശ്രീലാല്‍, ഷഫീഖ്, വിജീഷ്, സുജിത് കുമാര്‍ എന്നിവരാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.