പത്തനംതിട്ട: സർക്കാർ സ്ഥാപനങ്ങളിൽനിന്ന് പത്തനംതിട്ട വാട്ടർ അതോറിറ്റിക്ക് ലഭിക്കാനുള്ളത് കോടികൾ. കുടിശ്ശികയുള്ള സ്ഥാപനങ്ങളിൽ ഒന്നാമത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. 15.48 കോടി രൂപയാണ് ഇവർ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത്. കഴിഞ്ഞ ജൂലൈയിൽ ബോർഡ് ആറുകോടി അടച്ചിരുന്നു. ശേഷിക്കുന്നതാണ് ബാക്കി തുക.
പത്തനംതിട്ട ജനറൽ ആശുപത്രി 4.39 കോടി, കോന്നി മെഡിക്കൽ കോളജ് 33 ലക്ഷം, മിനി സിവിൽ സ്റ്റേഷനുകൾ (പത്തനംതിട്ട 56.08 ലക്ഷം, കോഴഞ്ചേരി 21.69, ആറന്മുള 2.24, റാന്നി 13.47, മല്ലപ്പള്ളി 7.35)-1.83 കോടി എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങൾ നൽകാനുള്ളത്. ഇതിൽ ആറന്മുള മിനി സിവിൽ സ്റ്റേഷൻ ഡിസ്‌കണക്ട് ചെയ്തിരുന്നു. പിന്നീട് കലക്ടറുടെ നിർദ്ദേശപ്രകാരം കണക്ഷൻ പുനഃസ്ഥാപിച്ചു. പക്ഷേ കുടിശ്ശിക വീണ്ടും നിലനിൽക്കുന്നു.
പൊലീസ് സ്റ്റേഷൻ അടൂർ -1.51 ലക്ഷം, എസ്. പി ഓഫിസ്- 2.64 ലക്ഷം, പത്തനംതിട്ട മുനിസിപ്പൽ കോംപ്ലക്‌സ് -1.3 ലക്ഷം, ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല റവന്യൂ ടവർ- 5.51 ലക്ഷം, വിവിധ ഗവ. ആശുപത്രികളായ തിരുവല്ല -3.65 ലക്ഷം, റാന്നി -2.75 ലക്ഷം എന്നിവിടങ്ങളിൽനിന്നും തുക ലഭിക്കാനുണ്ട്.
കുടിശ്ശിക കുതിച്ചുയർന്നതോടെ ഈ സ്ഥാപനങ്ങൾക്ക് പലതവണ വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നടപടിയൊന്നുമായിട്ടില്ല. തുക ഉടൻ അടച്ചില്ലെങ്കിൽ അറിയിപ്പ് നൽകാതെ കണക്ഷൻ വിച്ഛേദിക്കാനാണ് തീരുമാനമെന്ന് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു.
നിയമവശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കഴിഞ്ഞദിവസം വാട്ടർ അതോറിറ്റിയിൽ അടക്കാനുള്ള 15.48 കോടിയിൽ മൂന്നിലൊന്ന് അടിയന്തരമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അടയ്ക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് ജോയന്റ് ഡയറക്ടറുടെ ഓഡിറ്റ് പരാമർശത്തിൻമേലാണ് കോടതിയുടെ ഉത്തരവ്.
തുടർ തർക്കങ്ങൾ പരിഹരിക്കാനും, ബാക്കി തുക അടയ്ക്കുന്നതിനെപ്പറ്റി തീരുമാനിക്കാനും ഇത് നിരീക്ഷിക്കാനും ഇരുവകുപ്പുകളിലെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ചേർത്ത് കമ്മിറ്റി രൂപവൽക്കരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വാട്ടർ അതോറിറ്റിക്ക് വേണ്ടി അഡ്വ. ജോർജ് ജോണിയും സൂപ്രണ്ടിങ് എൻജിനീയർ ആർ.വി. സന്തോഷ് കുമാറും എക്‌സിക്യൂട്ടീവ് എൻജിനീയർ എബ്രഹാം വർഗീസും ഹാജരായി. നവംബർ 26ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഓഡിറ്റ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.