പത്തനംതിട്ട: നഗര ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിക്ക് ഒരുങ്ങുയാണ് ജില്ല ആസ്ഥാനം. നാല് ഘട്ടങ്ങളിലായി 27.62 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടിവെള്ള പ്രതിസന്ധിക്ക് പൂർണ പരിഹാരം നിർദേശിക്കുന്ന അമൃത് പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണോദ്ഘാടനം 13ന് നടത്താൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് കരാർ. നഗരത്തിലെ ജലക്ഷാമത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെ അഭാവവും വിതരണത്തിലെ നഷ്ടവും. ഇതിനുള്ള പരിഹാരമാണ് നഗരസഭ നടപ്പാക്കുന്ന അമൃത് പദ്ധതിയെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. നിലവിൽ ദിവസേന 60 ലക്ഷം ലിറ്റർ വെള്ളമാണ് ജല അതോറിറ്റിയുടെ പാമ്പൂരി പാറയിലുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്നും നഗരത്തിൽ വിതരണം ചെയ്യുന്നത്. പുതിയ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കാനുള്ള കിണറിന്റെയും കലക്ഷൻ ചേംബറിന്റെയും നിർമാണം 66 ലക്ഷം രൂപ ചെലവഴിച്ച് 2023ൽതന്നെ പൂർത്തിയായിരുന്നു. ജലവിതരണത്തിലെ നഷ്ടം ഒഴിവാക്കാൻ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജല അതോറിറ്റി മാറ്റി സ്ഥാപിച്ചിരുന്നു. വിവിധ വാർഡുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തനമാണ് അമൃതിന്റെ രണ്ടാംഘട്ടത്തിൽ പുരോഗമിക്കുന്നത്.
3.5 കോടി രൂപയാണ് ഇതിന് ചെലവ് ചെയ്യുന്നത്. നഗരത്തിലെ 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. മൂന്നാം ഘട്ടമാണ് ശുദ്ധീകരണ പ്ലാന്റ് നിർമാണം. 14.87 കോടി രൂപയാണ് പ്ലാന്റ് നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. ഫിൻസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്ക തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികൾ നിർിച്ച് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനമാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്.
ഇതിന് 8.5 കോടി രൂപയുടെ അനുമതിയായി. ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെ ഉയർന്ന പ്രദേശങ്ങളിലെ ജലസംഭരണികളും നിർമിച്ച് പദ്ധതിയുടെ സമ്പൂർണ പ്രവർത്തനം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.