കോന്നി: സാധാരണക്കാർ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. നാലു വർഷം മുമ്പ് ഇവിടെ ഉണ്ടായിരുന്ന ആംബുലൻസ് കാലാവധി കഴിഞ്ഞതിനാൽ കണ്ടം ചെയ്യാൻ മാറ്റിയിരുന്നു. പിന്നീട് കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസ് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഈ ആംബുലൻസ് രോഗികളെ കൊണ്ടുപോകാതെ മരുന്നുകളും മറ്റും കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച ആംബുലൻസ് ഉണ്ടെങ്കിലും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. ആംബുലൻസ് ഇല്ലെങ്കിലും പി.എസ്.സി വഴി നിയമിതനായ ഡ്രൈവർ ഉണ്ട്. മലയോര മേഖലയിൽനിന്ന് ഉൾപ്പെടെ നിരവധി ആളുകളാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.
എന്നാൽ, അടിയന്തിര ഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുക മാത്രമാണ് ഏക വഴി. വാഹനാപകടങ്ങളിൽ പെടുന്നവരെയും വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരെയും ഹൃദയാഘാതം സംഭവിക്കുന്നവരെയുമെല്ലാം സ്വകാര്യ ആംബുലൻസുകളിൽ വേണം മെഡിക്കൽ കോളജുകളിലോ മറ്റു പ്രധാന ആശുപത്രികളിലോ എത്തിക്കാൻ. ജില്ലയിൽ സ്വന്തമായി ആംബുലൻസ് ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയാണ് കോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.