അടൂർ: അടൂർ പോസ്റ്റോഫിസിൽ വന്ന പാർസലിൽ നിന്നും പുകയും ശബ്ദവും ഉയർന്നത് ആശങ്ക പടർത്തി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പാർസലിൽ എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളും മരുന്നുകളും കണ്ടെത്തി. ശനിയാഴ്ച രാവിലെ 8.45നാണ് സംഭവം. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ഇളമണ്ണൂരിലെ ജിതിൻ എസ്. നായരുടെ പേരിലാണ് പാർസൽ എത്തിയത്. രാവിലെ ജീവനക്കാർ പാർസലിൽ സീൽ ചെയ്യുന്ന സമയത്താണ് അസാധരണമാം വിധം ശബ്ദം കേട്ടത്. ഇതേ സമയം തന്നെ ജീവനക്കാർ പാർസർ പുറത്തേക്ക് എറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്തിൽ പൊലീസ് സംഘം പാർസൽ പരിശോധിച്ചു.
തുടർന്ന് അടൂർ എസ്.എച്ച്.ഒ ശ്യാം മുരളി പാർസൽ തുറന്ന് നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 40 പെല്ലറ്റുകൾ പുറത്തെടുത്തു. പെല്ലറ്റിന് അപകട സാധ്യതയുണ്ടോയെന്നറിയാൻ പത്തനംതിട്ടയിൽ നിന്നും ബോംബ് -ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ നിന്നും അപകട സാധ്യതയില്ലെന്ന് തെളിഞ്ഞതോടെ പെല്ലറ്റുകൾ അടൂർ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. സംഭവത്തിൽ പോസ്റ്റൽ വിഭാഗം പൊലീസിൽ പരാതി നൽകിയിട്ടില്ല.
അതിനാൽ കേസെടുത്തിട്ടില്ല. പാർസൽ അയച്ച മേൽവിലാസത്തിലും പൊലീസ് ബന്ധപ്പെട്ടു. ജവാനായ ഇദ്ദേഹം തന്നെയാണ് പാർസൽ നാട്ടിലേക്ക് അയച്ചതെന്ന് വ്യക്തമായതായി അടൂർ എസ്.എച്ച്.ഒ പറഞ്ഞു. ഈമാസം 25ന് ഇയാൾ നാട്ടിലേക്ക് വരുന്നുണ്ട്. യാത്ര വിമാനത്തിലായതിനാൽ പെല്ലറ്റുകൾ പാർസലിൽ സുഹൃത്തായ ജിതിൻ എസ്. നായർക്ക് അയക്കുയായിരുന്നെന്ന് ഇയാൾ അറിയിച്ചെന്നും പൊലീസ് പറഞ്ഞു. കുടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.