അച്ചൻകോവിലാർ തീരസംരക്ഷണം: ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ

പത്തനംതിട്ട: അച്ചൻകോവിലാറിന്റെ തീരം ഇടിഞ്ഞ് ഭൂമി നഷ്ടപ്പെട്ട് വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ പ്രമാടം ഗ്രാമപഞ്ചായത്തിൽ വലഞ്ചുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.

ആറ്റുതീരത്തിന് സംരക്ഷണഭിത്തി നിർമിക്കാനുള്ള 33 ലക്ഷം പത്തനംതിട്ടയിലെ ആർ.എം.എഫ് (റിവർ മാനേജ്മെന്റ് ഫണ്ട്) അക്കൗണ്ടിൽ ലഭ്യമല്ലെന്നും മറ്റേതെങ്കിലും ജില്ലയുടെ ആർ.എം.എഫ് അക്കൗണ്ടിൽനിന്ന് ലഭ്യമാക്കണമെന്നും കലക്ടർ അറിയിച്ച സാഹചര്യത്തിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. ജില്ല കലക്ടറിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. വിഷയത്തിൽ പത്തനംതിട്ട മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ മുഖേന അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

വെള്ളപ്പൊക്ക സമയത്ത് അച്ചൻകോവിൽ ഗതിമാറി ഒഴുകുമ്പോൾ പരാതിക്കാരൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം ദ്വീപ് പോലെയാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 130 മീറ്റർ നീളത്തിലും മൂന്നു മീറ്റർ ഉയരത്തിലും സംരക്ഷണഭിത്തി നിർമിച്ചെങ്കിലേ ആറ്റുതീരത്തിന്റെയും വീടുകളുടെയും സംരക്ഷണം ഉറപ്പാക്കാൻ കഴിയൂ. ഇതിന് 33 ലക്ഷം രൂപ ചെലവു വരും.

പത്തനംതിട്ട ജില്ലയിലെ ആർ.എം.എഫ് അക്കൗണ്ട് കോടതി മരവിപ്പിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും ജില്ലയുടെ ആർ.എം.എഫ് അക്കൗണ്ടിൽനിന്ന് തുക ലഭ്യമാക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചാൽ ആറ്റുതീരത്ത് സംരക്ഷണഭിത്തി നിർമിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു മാസത്തിനകം അനുകൂല തീരുമാനമെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

വലഞ്ചുഴി സ്വദേശി വി.എൻ. ഹരികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. മറ്റേതെങ്കിലും ജില്ലയിൽനിന്ന് ഫണ്ട് സംഘടിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണം. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്.

Tags:    
News Summary - Achankovilar Coastal Protection: Human Rights Commission wants Chief Secretary to intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.