ക്ഷീരമേഖലയില്‍ ജില്ല പഞ്ചായത്തിന്റെ 1.42 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം

പത്തനംതിട്ട: ജില്ലയിലെ ക്ഷീരകര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉൽപാദനത്തില്‍ സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍പെടുത്തി നടപ്പാക്കുന്ന 1.42 കോടിയുടെ പദ്ധതികളുടെ ജില്ലതല വിതരണ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പാലിന്​ സബ്സിഡി ഇനത്തില്‍ 1.10 കോടിയും തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിങ്​ ഫണ്ട് ഇനത്തില്‍ 32 ലക്ഷവും നല്‍കുന്ന പദ്ധതികളാണ് തുടങ്ങിയത്. ജില്ല പഞ്ചായത്തിന്റെ 16 ഡിവിഷനിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ ക്ഷീരസഹകരണസംഘത്തിനും രണ്ടുലക്ഷം വീതമാണ് വിതരണം ചെയ്യുന്നത്. കൂടുതല്‍ ക്ഷീരസംഘങ്ങള്‍ ജില്ലയില്‍ ഉണ്ടാകണമെന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പറഞ്ഞു. പരമാവധി പേര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ജില്ല പഞ്ചായത്ത്. സംഘത്തില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ തോത് അനുസരിച്ച് നല്‍കുന്ന സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് ലഭ്യമാക്കും. ഒരു ക്ഷീരകര്‍ഷകന് പരമാവധി 40,000 രൂപയാണ് സബ്‌സിഡി ലഭിക്കുക. റിവോള്‍വിങ്​ ഫണ്ട് ഇനത്തില്‍ കറവപ്പശുവിനെ വാങ്ങുന്ന ഓരോ കര്‍ഷകനും 40,000 രൂപയാണ് ലഭിക്കുക. പശുവിനെ വാങ്ങി ഇന്‍ഷുര്‍ ചെയ്തശേഷമാണ് തുക നല്‍കുന്നത്. ഓമല്ലൂര്‍ പഞ്ചായത്തിലെ ഐമാലി, കോഴഞ്ചേരി പഞ്ചായത്തിലെ കോഴഞ്ചേരി ഈസ്റ്റ്, ചെറുകോല്‍ പഞ്ചായത്തിലെ കീക്കൊഴൂര്‍ എന്നീ ക്ഷീരോല്‍പാദക സഹകരണസംഘ പ്രതിനിധികള്‍ക്ക് ആനുകൂല്യം നേരിട്ടു നല്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന പ്രഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ആര്‍. അജയകുമാര്‍, ജിജി മാത്യു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, സി.കൃഷ്ണകുമാര്‍, സാറാ തോമസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍നായര്‍, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു, അസി.ഡയറക്ടര്‍ പി.അനിത എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ PTL 10 DIARY ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീരസംഘങ്ങള്‍ക്കുള്ള റിവോള്‍വിങ്​ ഫണ്ടിന്റെയും ക്ഷീരകര്‍ഷകര്‍ക്കുള്ള പാലിന്റെ സബ്‌സിഡിയുടെയും ജില്ലതല വിതരണ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.