അന്നദാനത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

പന്തളം: പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ അന്നദാനത്തിന് 10 ലക്ഷം രൂപ അനുവദിച്ച് ദേവസ്വം ബോർഡ് ഉത്തരവായി. ഡിസംബർ 11 മുതൽ ഒരുമാസം പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴക്കഞ്ഞി എന്നിവ നൽകാനാണ് ബോർഡ് അനുവാദം നൽകിയിരിക്കുന്നത്. ശബരിമല തീർഥാടനത്തിലെ പ്രധാന ഇടത്താവളവും മൂലസ്ഥാനവുമായ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് ഓരോ തീർഥാടനകാലത്തും വന്നുപോകുന്നത്. ഇവരിൽ നല്ലൊരു ശതമാനവും മറുനാട്ടുകാരായ ഭക്തരാണ്. ഇവർക്ക് പന്തളത്ത് മുൻകാലങ്ങളിൽ നടത്തിവന്ന അന്നദാനം കോവിഡ് ബാധയെത്തുടർന്ന് നിർത്തി​െവച്ചിരുന്നു. ഈ വർഷം ദേവസ്വം ബോർഡ് അന്നദാനത്തിന് അനുമതി നൽകിയിരുന്നില്ല. തീർഥാടകരുടെ ബുദ്ധിമുട്ട് കണ്ട് ക്ഷേത്ര ഉപദേശകസമിതിയാണ് പണം കണ്ടെത്തി മൂന്നുനേരം അന്നദാനം നടത്തിയത്. മുൻവർഷങ്ങളിൽ ഏകദേശം 45 ലക്ഷത്തോളം രൂപ അന്നദാനത്തിന്‌ മാത്രമായി അനുവദിച്ചിരുന്ന സ്ഥാനത്താണ് 10 ലക്ഷം അനുവദിച്ചത്. ഇത്തവണ അന്നദാനഫണ്ടിൽ മതിയായ പണമില്ല എന്നാണ് ബോർഡ് പറയുന്നത്. നിലവിൽ ശബരിമല അന്നദാന ജനറൽ ഫണ്ടിൽനിന്ന്‌ അനുവദിച്ച തുകയിൽനിന്ന്‌ അന്നദാനവുമായി ബന്ധപ്പെട്ട ദിവസവേതന ജോലിക്കാർക്ക്​ അടക്കം ശമ്പളത്തുക മാറ്റേണ്ടതുണ്ട്. ജനുവരി 11വരെയാണ് അന്നദാനം ക്ഷേത്രത്തിൽ നടക്കാനുള്ളത്. ഇൗ മാസം 11ന് രാവിലെ 11.30ന് അന്നദാനം ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.