പന്തളം: തട്ടാരമ്പലം-പന്തളം റോഡ് നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ കുന്നികുഴി ജങ്ഷനിലെ കലുങ്ക് നിർമാണം പാതിവഴിയിൽ. ഇത് സമീപവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നാലുമാസത്തിനുമുമ്പാണ് ഇവിടെ കലുങ്കിന്റെയും ഓടയുടെയും നിർമാണമാരംഭിച്ചത്. റോഡിന്റെ പകുതി പൊളിച്ച് കലുങ്ക് നിർമാണം നടത്തിയിട്ട് മൂന്നുമാസമായി. ആ സമയത്ത് ഗതാഗതം തടസ്സപ്പെടാതിരിക്കാൻ മറുവശത്തുകൂടി ഇരുദിശകളിലേക്കും വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചു. റോഡിന്റെ ഒരുഭാഗത്തെ ഓട, കലുങ്ക് എന്നിവയുടെ നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മറുവശത്തെ നിർമാണമാരംഭിച്ചില്ല. കലുങ്ക് പൂർത്തിയായ ഭാഗത്തിനും റോഡിന്റെ പൊളിക്കാത്ത ഭാഗത്തിനുമിടയിൽ ആഴത്തിലുള്ള കുഴിയുണ്ട്. വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ താൽക്കാലികമായി പ്ലാസ്റ്റിക് വള്ളിയും മുളയും വലിച്ചുകെട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. രാത്രി അപകടസാധ്യത ഏറെയുള്ള ഇവിടെ പകൽസമയത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. അതിനിടെ, റോഡിന്റെ പകുതിഭാഗത്തെ കലുങ്ക് നിർമാണം എന്നുതുടങ്ങുമെന്ന് പറയാൻ അധികൃതർക്കാകുന്നില്ല. റോഡിന്റെ തെക്കുഭാഗത്ത് കലുങ്ക് നിർമിക്കാൻ വീടുകളോടുചേർന്ന് കുഴിയെടുക്കണം. ഇവിടെ അതിർത്തി നിർണയിച്ചു നൽകാത്തതിനാൽ കുഴിയെടുക്കാൻ സാധിക്കുന്നില്ലെന്ന് കരാറുകാർ പറഞ്ഞു. റോഡിന്റെ ഒരുഭാഗത്ത് കുഴിയെടുത്തപ്പോൾതന്നെ ജലവിതരണ പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെട്ടു. തെക്കുവശത്ത് കുഴിയെടുക്കുമ്പോൾ പ്രധാന പൈപ്പ് പൊട്ടാനും സാധ്യതയുണ്ട്. ഈ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകാതെ ബാക്കി ജോലികൾ നടത്താൻ സാധിക്കില്ലെന്ന നിലപാടിലാണു കരാറെടുത്തിരിക്കുന്ന കമ്പനി. നിർമാണം അനിശ്ചിതമായി നീളുന്നതുമൂലം സമീപത്തെ വീട്ടുകാർ ദുരിതത്തിലാണ്. പൊടിശല്യം രൂക്ഷമായതിനാൽ അരമണിക്കൂർ ഇടവിട്ട് റോഡ് നനക്കണം. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വയോധികരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കലുങ്ക്നിർമാണം പൂർത്തീകരിക്കുന്നതിനാൽ കുന്നിക്കുഴി ജങ്ഷനിൽ പ്രവർത്തിക്കുന്ന വിദേശമദ്യശാലയിൽ എത്തുന്നവരുടെ വാഹനവും റോഡരികിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.