പ്രഖ്യാപനത്തിൽ ഒതുങ്ങി കോന്നിയുടെ വികസനം

കോന്നി: കോന്നി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയത്. 2021-22 സാമ്പത്തികവർഷത്തിൽ 800 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി മണ്ഡലത്തിൽ പ്രഖ്യാപിച്ചത്. കോന്നി ബൈപാസ്, കോന്നി ടൗൺ ഫ്ലൈ ഓവർ, പ്രമാടം സ്റ്റേഡിയം, കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പൊളിടെക്നിക്, മലഞ്ചരക്ക് സുഗന്ധ വ്യഞ്ജന സംഭരണകേന്ദ്രം, റെസ്റ്റ്‌ ഹൗസ്, കോന്നി താലൂക്ക് ആശുപത്രി പേ വാർഡ്‌, റോഡ് വികസന പദ്ധതികൾ തുടങ്ങി കോന്നിക്ക് പ്രതീക്ഷകൾ നക്കുന്ന ഒട്ടേറെ വികസന പദ്ധതികൾ ആയിരുന്നു. ഇതിൽ കോന്നി ഫ്ലൈ ഓവർ, കോന്നി ബൈപാസ്, റെസ്റ്റ്‌ ഹൗസ് തുടങ്ങി പല പ്രധാന പദ്ധതികളും നടപ്പാക്കാതെപോയി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത വികസനം നടക്കുന്ന റോഡിലാണ് ഫ്ലൈ ഓവർ വരേണ്ടത്. എന്നാൽ, നിലവിൽ റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് വീതി കുറവായതിനാൽ ഫ്ലൈഓവർ സ്ഥാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നു. കോന്നി മെഡിക്കൽ കോളജ് വികസിക്കുമ്പോൾ ഗതാഗത തടസ്സം ഒഴിവാക്കുക എന്നതായിരുന്നു കോന്നി ഫ്ലൈ ഓവറിന്‍റെ പ്രധാന ലക്ഷ്യം. 10 കോടി വകയിരുത്തിയ കോന്നി പഞ്ചായത്ത് കടവ് ടൂറിസം പദ്ധതിയും പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. തണ്ണിത്തോട്ടിൽ മലഞ്ചരക്ക് സംഭരണ കേന്ദ്രത്തിനായി രണ്ടുകോടിയും വകയിരുത്തിയിരുന്നു. ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി. മുമ്പ്​ പ്രഖ്യാപിച്ച പദ്ധതികൾ പാതിവഴിയിൽ നിൽക്കുമ്പോൾ പുതിയ ബജറ്റിലെങ്കിലും ഇവ നടപ്പാകുമോ എന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.