ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ ഗതാഗത നിയമലംഘനം

റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ആക്ഷേപം. തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളുടെയും മറ്റ്​ വാഹനങ്ങളുടെയും ഇടയിലൂടെ ജീവനുമായി യാത്രക്കാര്‍ ഓടി മാറണം. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രധാന പ്രശ്നം. ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അലക്ഷ്യമായി പാര്‍ക്ക്​ ചെയ്യുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിങ്ങിന്​ കണ്ടെത്തുന്നത് ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്ക്​ ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക്​ പോകുന്നവരും ഉണ്ട്. രാത്രിയോടുകൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റൂ. ബസുകള്‍ പാര്‍ക്ക്​ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റ്​ വാഹനങ്ങള്‍ കൈയടക്കി. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്ക്​ ചെയ്യുന്നു. ഇതിനിടയിലൂടെ മറ്റ്​ ബസുകള്‍ കടന്നുവരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. പലപ്പോഴും അപകടത്തില്‍നിന്ന്​ തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. സ്റ്റാന്‍ഡിലേക്ക് ബസുകൾ കയറുന്നതിന്​ വയലിന്​ നടുവിലൂടെ നിര്‍മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്. വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല. നഗരത്തില്‍ ട്രാഫിക് പൊലീസ് യൂനിറ്റ് അനുവദിച്ച് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. Ptl rni - 1 trafic ഫോട്ടോ: റാന്നി ഇട്ടിയപ്പാറ ബസ്​സ്റ്റാൻഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.