സർക്കാർ ആംബുലൻസുകൾ ഓടിക്കാൻ ഡ്രൈവർമാരില്ല; രോഗികൾ വലയുന്നു

കോന്നി: ആംബുലൻസ് ഓടിക്കാക്കാൻ യോഗ്യതയുള്ള ഡ്രൈവർമാരില്ലാത്തതിനാൽ എം.പിയും, എം.എൽ.എയും നൽകിയ ആംബുലൻസ് ഓടാതായിട്ട് മാസങ്ങൾ. അഞ്ച് മാസങ്ങൾക്ക് മുമ്പ്​ കോന്നി എം.എൽ.എ ജനീഷ് കുമാർ കോന്നി താലൂക്ക്​ ആശുപത്രിക്കായി ലക്ഷങ്ങൾ മുടക്കി ആധുനിക സംവിധാനത്തോടെയുള്ള ആംബുലൻസ് നൽകിയെങ്കിലും രോഗികൾക്ക് പ്രയോജനപ്പെട്ടത് ദിവസങ്ങൾ മാത്രം. ഡ്രൈവർ നിയമനത്തെ സംബന്ധിച്ച തർക്കത്തെ തുടർന്ന് താലൂക്ക്​ ആശുപത്രിക്ക്​ നൽകിയ ആംബുലൻസ് പിന്നീട് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വാഹനം പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇതിനുശേഷം മൂന്നു മാസങ്ങൾക്ക് മുമ്പ്​ ആന്‍റോ ആൻറണി എം.പിയുടെ ഫണ്ടിൽനിന്ന്​ തുക ചിലവഴിച്ച് താലൂക്ക്​ ആശുപത്രിക്ക്​ ആംബുലൻസ് നൽകിയെങ്കിലും അതും നിരത്തിലിറങ്ങിയിട്ടില്ല. ഇതുമൂലം സ്വകാര്യ ആംബുലൻസുകൾ വലിയ കൊള്ളയാണ് നടത്തുന്നത്. മെഡിക്കൽ കോളജ് പരിസരവും കോന്നി താലൂക്ക്​ ആശുപത്രി പരിസരവും സ്വകാര്യ ആംബുലൻസുകൾ കൈയടക്കിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുമ്പോഴേക്കും ആംബുലൻസ് ഡ്രൈവർമാരും സഹായികളും അത്യാഹിത വിഭാഗത്തിലേക്ക് കയറി രോഗികളുടെ സഹായികളായി നിലകൊള്ളും. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന നിർദേശം വന്നാലുടൻ സ്വകാര്യ ആംബുലൻസ് അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തിയിരിക്കും. ഇത്തരം രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകൾ വലിയ കൊള്ളയാണ് നടത്തുന്നത്. ഇതെല്ലാം നടക്കുന്നത് ആശുപത്രി ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് വലിയ ആക്ഷേപം നിലനിൽക്കുന്നുണ്ട്. താലൂക്ക്​ ആശുപത്രിയിൽനിന്ന് റഫർ ചെയ്യുന്ന കേസ് വന്നാൽ ഉടൻ തന്നെ 108ൽ വിളിക്കുന്നതിനുപകരം സ്വകാര്യ ആംബുലൻസുകളാണ് ജീവനക്കാർ വിളിക്കുന്നത്. ഇവരുടെ മരണപ്പാച്ചിൽ കാരണം അപകടങ്ങളും പതിവാണ്. ആംബുലൻസ് ഓടിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന യോഗ്യത ഇല്ലാത്തവരാണ് സ്വകാര്യ ആംബുലൻസുകൾ ഓടിക്കുന്നത് എന്നും പരാതിയുണ്ട്​. ഇവയൊന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കാറുമില്ല. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.