ബസ്​ സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി; മണ്ണ് പരിശോധന തുടങ്ങി

പത്തനംതിട്ട: ഹാജി സി.മീരാസാഹിബ് സ്മാരക ബസ്​ സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി തിരുവനന്തപുരം എൻജിനീയറിങ്​ കോളജിന്‍റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ്​ സ്റ്റാൻഡ്​ യാർഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്താണ് ബസ്​ സ്റ്റാൻഡ് നിർമിച്ചിട്ടുള്ളത്. നിർമാണഘട്ടത്തിൽ ശരിയായ നിലയിൽ യാർഡ് ഉറപ്പിക്കാതിരുന്നതിനാൽ കുണ്ടും കുഴിയും രൂപപ്പെടുകയായിരുന്നു. വർഷങ്ങളായി വലിയ തുക ചെലവ് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. മഴക്കാലത്ത് ചളിക്കുണ്ടാകുന്ന ബസ്​ സ്റ്റാൻഡ് യാർഡിൽ വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമാണ്. കുണ്ടും കുഴിയും നിറഞ്ഞ യാർഡിലൂടെ ഗതാഗതം ദുസ്സഹമാണ്. കൂടാതെ സ്വകാര്യ ബസുകൾക്ക് അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവാക്കേണ്ടിയും വരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ബസ്​ സ്റ്റാൻഡ് പുനരുദ്ധാരണത്തിനായി ശ്രമങ്ങളാരംഭിച്ചു. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം എൻജിനീയറിങ്​ കോളജിനോട് മണ്ണ് പരിശോധന നടത്തുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാർഡ് നിർമാണത്തിനും ബസ്​ സ്റ്റാൻഡിന്‍റെ പുനരുദ്ധാരണത്തിനുമായി കുറഞ്ഞത് അഞ്ചുകോടിയെങ്കിലും ചെലവ്​ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ തുക കണ്ടെത്താൻ വായ്പയ്ക്കായി സർക്കാറിനെ സമീപിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. Photo '' .. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ മണ്ണ് പരിശോധന തുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.