ദലിത് സംവണം: കേന്ദ്രസർക്കാർ നീക്കം അപായസൂചന -സാംബവ മഹാസഭ

മല്ലപ്പള്ളി: നിലവിലുള്ള പട്ടികജാതി ലിസ്റ്റിൽ ദലിത് ക്രൈസ്തവ-ഇസ്​ലാംമത വിശ്വാസികളെയും ഉൾപ്പെടുത്തി സംവരണത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം ഭരണഘടന വിരുദ്ധവും സാമൂഹിക സംഘർഷങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് സാംബവ മഹാസഭ അഭിപ്രായപ്പെട്ടു. 103ാം ഭരണഘടന ഭേദഗതിയിലൂടെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക്​ 10 ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ദലിത് ക്രൈസ്തവർക്കും ദലിത് മുസ്​ലിംകൾക്കും അവരുടെ ജനസംഖ്യക്ക്​ ആനുപാതികമായി സംവരണം അനുവദിക്കാൻ നിയമനിർമാണത്തിന് തയാറാകണമായിരുന്നു. പട്ടികവിഭാഗ സംവരണം 25 ശതമാനമായി വർധിപ്പിക്കണമെന്ന് ദേശീയ പട്ടികജാതി കമീഷൻ 2011ൽ നിർദേശിച്ചിട്ടും ഇപ്പോഴും 22.5 ശതമാനം മാത്രമാണ് നൽകുന്നത്. ദലിതർ ഏത് മതവിശ്വാസികളായാലും അവർക്കെതിരായി ജാതീയമായ അവമതിപ്പും വേർതിരിവും ബഹിഷ്കരണവും തുടരുന്ന സാഹചര്യത്തിൽ അവർ സംവരണത്തിന് അർഹതയുള്ളവരാണ്. അതിനാൽ പട്ടികജാതിക്കാർക്ക് ലഭിക്കുംപോലെ അവർക്കും സംവരണം ലഭിക്കുംവിധം പുതിയ നിയമനിർമാണമോ ഭരണഘടന ഭേദഗതിയോ അടിയന്തരമായി ഏർപ്പെടുത്തണമെന്നും സാംബവ മഹാസഭ സംസ്ഥാന പ്രസിഡൻറ് പി.കെ. ശങ്കർദാസ്, ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.