സ്കൂളുകളിൽ കോവിഡ് ക്ലസ്റ്റർ സാഹചര്യം

ഒട്ടുമിക്ക സ്കൂളുകളിലും കോവിഡ് ക്ലസ്റ്റർ സാഹചര്യം, പരിശോധന പരാജയപ്പെടുത്തി കണക്ക് മറയ്ക്കുന്നു പത്തനംതിട്ട: ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും കോവിഡ് ക്ലസ്റ്റർ സാഹചര്യം. പുതിയ കോവിഡ്​ വകഭേദത്തിന്​ ലക്ഷണങ്ങൾ തീവ്രമല്ലാത്തതിനാൽ കുട്ടികൾ ടെസ്റ്റ് ചെയ്യുന്നില്ല. പൊതു പരിശോധന സംവിധാനങ്ങളിൽ പരിശോധന ഫലം ഒരാഴ്ച കഴിഞ്ഞാലും ലഭ്യമാകാത്ത സ്ഥിതിയാണ്​. പരിശോധനാ ഫലം സമയബന്ധിതമായി ലഭ്യമാക്കാതെ കണക്കുകൾ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്​. രോഗബാധിതരായ കുട്ടികൾ സ്കൂളിൽ വരുന്നതുമൂലം രോഗം വ്യാപകമാവുകയാണ്. തങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കുട്ടികളുടെ ടെസ്റ്റ് നടത്തുന്നതിൽ രക്ഷിതാക്കൾക്കും താല്പര്യമില്ല. പനിയുടെ ലക്ഷണങ്ങളുമായി സ്കൂളിലെത്തുന്ന ബഹു ഭൂരിപക്ഷം കുട്ടികളും വൈറൽ ഫീവറാണെന്ന് പറഞ്ഞ് ക്ലാസിൽ ഇരിക്കാനാണ് ശ്രമിക്കുന്നത്. ഒന്നോ രണ്ടോ ദിവസം നിലനിൽക്കുന്ന ചൂട്, വിട്ടുവിട്ടു വരുന്ന തലവേദന, മൂക്കൊലിപ്പ്, തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതൽ കുട്ടികളിലും പ്രകടമാകുന്നത്. രോഗാവസ്ഥ വെളിവായാൽ അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന പ്ലസ് വൺ ഇംപ്രൂവ്മൻെറ് പരീക്ഷ എഴുതാൻ കഴിയാതാവുമോ എന്ന ആശങ്കയും രോഗം മറച്ചുവെക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ട്. സ്കൂളുകളിൽ ഹാജർ നിലവാരം വളരെ കുറഞ്ഞിട്ടുണ്ട്. പുതിയ നിർദേശാനുസരണം ഹാജർ 40 ശതമാനത്തിൽ കുറഞ്ഞാൽ സ്കൂൾ അടയ്ക്കണം എന്നതുകൊണ്ട് തന്നെ സുഖമില്ലാത്ത കുട്ടികളെയും നിർബ്ബന്ധിച്ച് സ്കൂളിലെത്തിക്കാനുള്ള നീക്കങ്ങളും ചില സ്കൂളധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. കുട്ടികളിൽനിന്നും അധ്യാപകരിലേക്കുള്ള രോഗപ്പകർച്ചയുടെ നിരക്കും നിയന്ത്രണാതീതമാകുന്നതായി അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ വലുതായി ബാധിക്കാത്ത രോഗം പ്രായമായ അധ്യാപകരിലെത്തുമ്പോൾ അപകടകരമാകുമോ എന്ന ആശങ്കയും അധ്യാപകർക്കുണ്ട്.പണം ചെലവാക്കി ടെസ്റ്റ് ചെയ്യാൻ തയാറാവുന്ന കുട്ടികളുടെ റിസൾട്ട് മാത്രമാണ് ഒരു പരിധി വരെയെങ്കിലും പുറത്ത് വരുന്നത്. ഈ കണക്കുകൾക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്ന വസ്തുത ബന്ധപ്പെട്ടവർ അവസര പൂർവം അവഗണിക്കുകയാണെന്ന പരാതി വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.