നഗരസഭ മന്ദിരം, ബസ് ടെർമിനൽ നിർമാണം ഉടൻ - ചെയർപേഴ്സൻ

പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിന്​ സമീപം നഗരസഭ കെട്ടിടവും ബസ് ടെർമിനലും നിർമിക്കുന്നതിന്​ തടസ്സങ്ങൾ നീങ്ങിയതായി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. 15 കോടിയാണ് ആകെ അടങ്കൽ തുക. പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കിലല്ലെന്നും പഞ്ചായത്തുവകയാണെന്നും വില്ലേജ് രേഖകളിലുള്ളതിനാൽ നഗരസഭക്കുവേണ്ടി ഓഫിസ്​ മന്ദിരം പണിയുന്നതിന് തടസ്സമില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കലക്ടറുടെ അംഗീകാരത്തോടെ ലാൻഡ് റവന്യൂവിഭാഗം ഡെപ്യൂട്ടി കലക്ടറാണ് ഇക്കാര്യം നഗരസഭ അധികാരികളെ അറിയിച്ചത്. ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവുകൂടി ലഭിച്ചാൽ കെട്ടിടം പണിക്കുള്ള നടപടി ആരംഭിക്കും. മൂന്നുനില മന്ദിരം നിർമിക്കാനാണ്​ രൂപരേഖ​. ഫെബ്രുവരിയോടെ പന്തളത്ത് ഗതാഗത പരിഷ്കാരം പൂർണമായും നടപ്പാക്കും. വെള്ളപ്പൊക്കത്തിൽനിന്ന്​ രക്ഷനേടുന്നതിന്​ സമഗ്ര പ്രോജക്ടുകൾ തയാറാക്കും. ആധുനികരീതിയിൽ പന്തളം പബ്ലിക് മാർക്കറ്റ് നവീകരിക്കും. ഇതി‍​ന്‍റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. വരുംദിവസങ്ങളിൽ വഴിയോരക്കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കും. നഗരസഭയുടെ എല്ലാ സ്ഥലത്തും വഴിവിളക്ക് സ്ഥാപിച്ചു. നഗരസൗന്ദര്യവത്കരണം ഉടൻ തുടങ്ങും. ഫെബ്രുവരി 15നകം മാലിന്യസംസ്കരണ യൂനിറ്റ്​ യാഥാർഥ്യമാക്കും. വെള്ളപ്പൊക്കം രൂക്ഷമായി നേരിടുന്നതിനാൽ രണ്ട് ഫൈബർ ബോട്ടുകൾ വാങ്ങാൻ നഗരസഭ തീരുമാനിച്ചു. വരും വർഷങ്ങളിൽ പന്തളത്ത് സമഗ്രവികസനം നടപ്പാക്കുമെന്നും ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. ഫോട്ടോ: സുശീല സന്തോഷ് ചെയർപേഴ്സൻ, പന്തളം നഗരസഭ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.