നദികൾ വറ്റിവരണ്ടു;കുടിവെള്ള ക്ഷാമം രൂക്ഷം

കോന്നിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു കോന്നി: അച്ഛന്‍കോവിലാറും കല്ലാറും വറ്റി തുടങ്ങിയതോടെ കോന്നിയുടെ മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. തേക്കുതോട്,തണ്ണിത്തോട്,കരിമാന്‍തോട്,കൊക്കാത്തോട്,കോന്നി,പ്രമാടം,സീതത്തോട്,ചിറ്റാര്‍,വള്ളിക്കോട് തുടങ്ങി പലയിടങ്ങളിലും കുടിവള്ളക്ഷാമം രൂക്ഷമാണ്.തണ്ണിത്തോട്ടില്‍ തേക്കുതോട് ശുദ്ധജല പദ്ധതിയില്‍ നിന്നും അരുവാപ്പുലം പഞ്ചായത്തില്‍ മാളാപ്പാറ ശുദ്ധജല പദ്ധതിയില്‍നിന്നും കോന്നിയില്‍ കോന്നി താഴം ശുദ്ധജല പദ്ധതിയില്‍ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. അച്ഛന്‍കോവിലാറ്റില്‍നിന്നും കല്ലാറ്റില്‍ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നതും. നദികള്‍ വറ്റി തുടങ്ങിയതിന് പുറമേ ശുദ്ധജല സംഭരണികളുടെ അപര്യാപ്തതയും ശുദ്ധജല വിതരണത്തെ ബാധിക്കുന്നുണ്ട്. തേക്കുതോട് അടക്കമുള്ള ശുദ്ധജല പദ്ധതികളില്‍ ഗാര്‍ഹിക കണക്​ഷനുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം തന്നെ വ്യാസമുള്ള പൈപ്പുകള്‍ ജല വിതരണത്തിനായി സ്ഥാപിക്കാത്തതും പമ്പിങ്​ സമയത്ത് പൈപ്പ്​ലൈനുകള്‍ പൊട്ടുന്നതിനും ജല വിതരണം മുടങ്ങുന്നതിനും കാരണമാകുന്നുണ്ട്.ബൂസ്റ്റര്‍ പമ്പുഹൗസുകളില്‍ കാലപ്പഴക്കം ചെന്ന മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.മലയോര മേഖലയില്‍ പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്നതും പതിവാണ്. ടാങ്കുകളില്‍ എത്തിച്ച് നല്‍കുന്ന കുടിവെള്ളത്തിന് വലിയ വിലയാണ് ഈടാക്കുന്നതും. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് തലച്ചുമടായി കുടിവെള്ളം വീടുകളിലേക്ക് എത്തിക്കുന്നതും വേനല്‍ കാലത്തെ സ്ഥിരം കാഴ്ചയാണ്. കൂടാതെ ചെറിയ അരുവികളെയും തോടുകളെയും മറ്റും ആശ്രയിക്കുന്നവരും വളരെ അധികമാണ്. മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങി തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.