കോവിഡ് പ്രതിരോധം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ജില്ല ബി കാറ്റഗറിയില്‍

പത്തനംതിട്ട: കോവിഡ് വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനുമായ ഡോ. ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ ഒരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക്​ പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വിസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പൊതു മാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന രണ്ടുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, കാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലിചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. ഒമ്പതാം ക്ലാസ് വരെയുള്ള അധ്യയനം രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. കച്ചവടം കരുതലോടെയാവാം -ഡി.എം.ഒ രോഗവ്യാപന പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, പരമാവധി മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. കടകളില്‍ ആള്‍ക്കൂട്ടം കുറക്കാന്‍ നടപടി സ്വീകരിക്കണം. പ്രവേശന കവാടത്തില്‍ മാസ്‌ക് , സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗവും ലഭ്യതയും ഉറപ്പാക്കണം. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കടകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. തൊഴിലാളികള്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക. പണം കൈമാറിയതിന് മുമ്പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്ത് അണുമുക്തമാക്കുക. കഴിവതും ഓണ്‍ലൈന്‍ മുഖേന പണം അടയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളെയും കടകളില്‍നിന്ന് താൽക്കാലികമായി മാറ്റിനിര്‍ത്തുക. ഓഫറുകള്‍ പ്രഖ്യാപിച്ച് കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാതെ ഓണ്‍ലൈന്‍ ഓഫറുകള്‍ക്കായി പരിമിതപ്പെടുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.