തീർഥാടകരുള്ള ബസുകൾ ളാഹയിൽ നിർത്തില്ല; വ്യാപാരികൾക്ക്​ തിരിച്ചടി

p4 lead ചെറുതും വലുതുമായ 24 കടകളാണ് ളാഹയിലുള്ളത് പത്തനംതിട്ട: ശബരിമല തീർഥാടകരുള്ള ബസുകൾ ളാഹയിൽ നിർത്തരുതെന്ന കെ.എസ്.ആർ.ടി.സിയുടെ നിർദേശത്തിൽ വലഞ്ഞ്​ വ്യാപാരികൾ. കഴിഞ്ഞ 15 മുതലാണ് ബസുകൾ ളാഹയിൽ നിർത്താതായത്. കഴിഞ്ഞ ദിവസം ബസ് നിർത്തിയ ഡ്രൈവർക്ക് കെ.എസ്.ആർ.ടി.സി സ്ക്വാഡ് താക്കീത് നൽകി. ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് നേര​േത്ത ളാഹയിൽ ബസ് നിർത്തിയിരുന്നത്. തീർഥാടകർക്ക്​ ഇത്​ വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഭക്ഷണം കഴിക്കേണ്ടാത്തവരുടെ പ്രതിഷേധത്തിനും ഇത്​ പലപ്പോഴും ഇടയാക്കിയിരുന്നു. ഭക്ഷണ സമയമൊന്നും കണക്കിലെടുക്കാതെ ബസ്​ കൂടുതൽ സമയം നിർത്തിയിട​ുന്ന ജീവനക്കാരുടെ സമീപനമാണ്​ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്​. ചെറുതും വലുതുമായ 24 കടകളാണ് ളാഹയിലുള്ളത്. ഹോട്ടലുകൾക്ക് പുറമെ ഉണ്ണിയപ്പം, പൈനാപ്പിൾ, കുടിവെള്ളം തുടങ്ങിയവയുടെ കച്ചവടം സജീവമായിരുന്നു. പഞ്ചായത്തിന് നികുതി അടച്ചാണ് മിക്ക കടകളും പ്രവർത്തിക്കുന്നത്. ളാഹ പ്രദേശവാസികളാണ് ശബരിമല പാതക്ക്​ ഇരുവശവും ഷെഡുകൾ കെട്ടി കച്ചവടം നടത്തുന്നത്. സ്ഥിരമായി പ്രവർത്തിക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ട്. ഇരുനൂറോളം തൊഴിലാളികൾക്ക് വരുമാനമാർഗമാണ് മണ്ഡല-മകരവിളക്ക് തീർഥാടനകാലം. ഹോട്ടലുകളിലേക്ക് വിറക് എത്തിക്കുന്ന ആദിവാസികൾക്കും വരുമാനത്തി​ൻെറ കാലമാണിത്. വെള്ളപ്പൊക്കവും കോവിഡും ഉണ്ടാക്കിയ പ്രതിസന്ധിയുടെ മൂന്ന് വർഷങ്ങൾക്കുശേഷം ളാഹയിലെ കച്ചവട സ്ഥാപനങ്ങൾ സജീവമായപ്പോഴാണ് കെ.എസ്.ആർ.ട‌ി.സി ബസുകൾ ഇവിട‌െ നിർത്തരുതെന്ന നിർദേശം വ്യാപാരികൾക്കും തൊഴിലാളികൾക്കും ഇരുട്ടടിയായത്. മണ്ഡലകാലം ഒരു മാസം പിന്നിട്ടപ്പോൾ തീർഥാടകർ ളാഹയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറയുന്നു. കെ.എസ്.ആർ.ടി.സി ഉത്തരവ് പിൻവലിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന തീർഥാടകരുമായി തിരികെപ്പോകുന്ന ബസുകളാണ് ളാഹയിൽ കൂടുതലായി നിർത്തിക്കൊണ്ടിരുന്നത്. മലയിറങ്ങി വരുന്ന ഭക്തർക്ക് തിരക്കുകളിൽനിന്നൊഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ളാഹയിൽ സൗകര്യമുണ്ടായിരുന്നു. ളാഹയിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പെരുനാട് പഞ്ചായത്ത് കമ്മിറ്റി ഗതാഗതമന്ത്രിക്കും എം.ഡിക്കും കത്തയച്ചു. എന്നാൽ, 2018ൽ കലക്ടർ ഇറക്കിയ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് കെ.എസ്.ആർ.‌ടി.സി അധികൃതർ പറഞ്ഞു. സ്​റ്റാൻഡുകളിലോ കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന സ്ഥലങ്ങളിലോ മാത്രമേ ഭക്ഷണം കഴിക്കാൻ ബസ് നിർത്താവൂ എന്നാണ് നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.