തീർഥാടനകാലത്ത് ചീഞ്ഞുനാറി വടശ്ശേരിക്കര ടൗൺ

വടശ്ശേരിക്കര: ശബരിമല തീർഥാടകരുടെ തിരക്കേറിയിട്ടും ശുചീകരണത്തിൽ ശ്രദ്ധ ചെലുത്താതെ വടശ്ശേരിക്കര പഞ്ചായത്ത്. ശബരിമല പ്രധാന ഇടത്താവളവും പ്രവേശന കവാടവുമായ വടശ്ശേരിക്കര ടൗണും പരിസര പ്രദേശവുമാണ് കച്ചവടക്കാരും നാട്ടുകാരുമൊക്കെ വലിച്ചെറിയുന്ന മാലിന്യങ്ങൾ കൂടിക്കിടന്ന് ദുർഗന്ധം പരത്തുന്നത്. വടശ്ശേരിക്കര ടൗണിൽ മാർക്കറ്റിനോട് ചേർന്ന് മാലിന്യസംസ്കരണ സംവിധാനവും പഞ്ചായത്തിന് തീർഥാടന ക്ഷേമത്തിനായി പ്രത്യേക ഫണ്ടും ഉണ്ട്​. എന്നിട്ടും ആവശ്യത്തിന് ശുചീകരണ തൊഴിലാളികളെ നിയമിച്ച് തീർഥാടകരുടെ ഇടത്താവളങ്ങൾ ഉൾപ്പെടെ വൃത്തിയായി സൂക്ഷിക്കാൻ നടപടിയുണ്ടായിട്ടില്ല. ടൗണിലും മാർക്കറ്റിലും ഇടത്താവളമായ പ്രയാർ ചെറുകാവ് ക്ഷേത്രങ്ങളുടെ പരിസരങ്ങളിലും വടശ്ശേരിക്കര പാലത്തിന് സമീപവുമെല്ലാം മാലിന്യം കൂടിക്കിടക്കുകയാണ്. തീർഥാടന പാതകളിലുൾപ്പെടെ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ വശങ്ങളിലെല്ലാം മാലിന്യം തള്ളുകയാണ്. ഇതിനെതിരെ നടപടിയെടുക്കുന്നില്ല. പ്രധാന റോഡുകളിൽ ആൾപ്പാർപ്പില്ലാത്ത മേഖലകളിലെല്ലാം ചാക്കിൽകെട്ടിയ മാലിന്യം നിറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.