കവിയൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി സംഘർഷം

തിരുവല്ല: കവിയൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തെ തുടർന്ന് കല്ലേറ്. പൊലീസുകാരന് പരിക്കേറ്റു. കെ.എ.പി ബറ്റാലിയനിലെ അനീഷിനാണ് പരിക്കേറ്റത്. ശനിയാഴ്​ച വൈകീട്ടോടെ ബാങ്കിന് മുന്നിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ കള്ളവോട്ടിനെച്ചൊല്ലി ഇരുവിഭാഗവും തർക്കമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ മാറ്റി. ഉച്ചക്കുശേഷം ചിലർ വോട്ടുചെയ്യാനെത്തിയപ്പോൾ കള്ളവോട്ടാണെന്ന് ആരോപിച്ച് ബി.ജെ.പിക്കാർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. തുടർന്ന് പൊലീസെത്തി ഇരുപക്ഷത്തെയും ബാങ്കിന് പുറത്തിറക്കി. ഇതിനിടെ ബാങ്കിന് മുന്നിൽനിന്ന പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ കല്ലേറും തുടങ്ങി. ഇതു തടയാനെത്തിയപ്പോഴാണ് പൊലീസിന് കല്ലേറിൽ പരിക്കേറ്റതെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. കണ്ണി‍ൻെറ ഭാഗത്ത് മുറിവേറ്റ അനീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ...................... ബാങ്ക് ഭരണം എൽ.ഡി.എഫ് നിലനിർത്തി തിരുവല്ല: കവിയൂർ സർവിസ് സഹകരണ ബാങ്ക് ഭരണം എൽ.ഡി.എഫ്‌ നിലനിർത്തി. ത്രികോണ മത്സരമായിരുന്നെങ്കിലും എല്ലാ സീറ്റിലും വിജയിച്ചു. വിജയിച്ചവർ: എ.എസ്. അജേഷ് കുമാർ, സി.ജി. ഫിലിപ്പ്, അഡ്വ. ജി. രജിത് കുമാർ, രാജേഷ് കാടമുറി, സുരേഷ് ബാബു, റെജി സുകുമാരൻ (ജനറൽ), ജീന സൂസൻ ജേക്കബ്, രഞ്ചു എബ്രഹാം പാടിക്കൽ, സുജ മാത്യു (വനിത), സി.കെ. രാജശേഖരകുറുപ്പ് (നിക്ഷേപം), ഇ.കെ. ഹരിക്കുട്ടൻ (പട്ടികജാതി). കഴിഞ്ഞ ബാങ്ക് ഭരണസമിതിയിൽ ബി.ജെ.പിക്ക് മൂന്ന് ഡയറക്ടർ ബോർഡ്​ അംഗങ്ങൾ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.