ഒന്നരമാസമായി ജലവിതരണം മുടങ്ങി കോന്നിയില്‍ ജനപ്രതിനിധികൾ ഉപരോധ സമരം നടത്തി

കോന്നി: ഒന്നരമാസമായി കോന്നി മേഖലയില്‍ ജലവിതരണം മുടങ്ങിയതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജല അതോറിറ്റി ഓഫിസിന് മുന്നില്‍ ഏഴര മണിക്കൂർ ഉപരോധസമരം നടത്തി. അരുവാപ്പുലം പഞ്ചായത്തിലെ കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസില്‍ നിന്നുമാണ് ഈ മേഖലയിലേക്ക് ശുദ്ധജലം പമ്പ് ചെയ്യേണ്ടത്. ഈ പമ്പ് ഹൗസിലെ മോട്ടോറില്‍ ചളി നിറഞ്ഞിരിക്കുന്നതിനാല്‍ ജലവിതരണം പൂര്‍ണമായി മുടങ്ങിയ അവസ്ഥയാണ്​. ഇവിടെ അറ്റകുറ്റപ്പണി നടത്തുന്നതിനോ പകരം മോട്ടോര്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല. മോട്ടോര്‍ തകരാര്‍ പരിഹരിക്കുവാന്‍ ജലവിഭവ വകുപ്പിന് ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് പ്രസിഡൻറ്​ സുലേഖ വി.നായരുടെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ മെംബർമാരാണ് സമരം നടത്തിയത്. മോട്ടോറിലെ ചളി നീക്കം ചെയ്താലെ പൈപ്പില്‍ വെള്ളമെത്തു. ഇതിന് അധികൃതര്‍ തയാറാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജലവിതരണം പുനഃസ്ഥാപിക്കുമെന്ന ഉറപ്പിന്മേല്‍ ആറേ മുക്കാലോടെ സമരം അവസാനിച്ചു. ഇതിനിടയില്‍ ജല അതോറിറ്റി ജീവനക്കാരെ തടഞ്ഞുവെച്ചു എന്ന പരാതിയില്‍ കോന്നി പൊലീസ് സ്ഥലത്തെത്തി. പൊലീസും ജനപ്രതിനിധികളും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.