മടുക്കോലി-കല്ലൂപ്പാറ-ഞാലിക്കണ്ടം റോഡ്​ നവീകരണം: പൈപ്പ് മാറ്റാതെ ജല അതോറിറ്റി

മല്ലപ്പള്ളി: മടുക്കോലി-കല്ലൂപ്പാറ-ഞാലിക്കണ്ടം റോഡ്​ ഉന്നത നിലവാരത്തിൽ നവീകരണം നടക്കുകയാണ്​. ഇക്കാര്യം ഇതുവരെ ജല അതോറിറ്റി വകുപ്പ്​ അറിഞ്ഞ മട്ടില്ല. പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ അവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് റോഡ് വേഗത്തിൽ തകരുന്നതിനും കുടിവെള്ളം ഇല്ലാതാക്കുന്നതിനും കാരണമാകുമെന്ന്​ നാട്ടുകാർ പറഞ്ഞു. പുതുശ്ശേരിക്കും കല്ലൂപ്പാറ ചൈതന്യ ജങ്ഷനും ഇടയിലാണ് ചോർച്ച രൂക്ഷമായത്. പൈപ്പ് പൊട്ടൽ കാരണം നൂറു കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകി നഷ്​ടമാകുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള എ.സി പൈപ്പുകളാണ് തകരുന്നത്. 100 എം.എം, 150 എം.എം , 25 മുതൽ 75 എം.എം വരെ വലുപ്പമുള്ള പൈപ്പുകൾ ഭൂരിഭാഗവും തകർന്ന നിലയിലാണ്. നിരവധി സ്ഥലങ്ങളിലെ ചോർച്ച അധികൃതർ പരിഹരിച്ചെങ്കിലും വീണ്ടും തകരുന്നത് പ്രശ്നമാകുന്നു. പൈപ്പുകൾക്ക് തുടർച്ചയായി തകരാറ്​ സംഭവിക്കുന്നത് കാരണം മടുക്കോലി-കല്ലൂപ്പാറ-ഞാലിക്കണ്ടത്തും സമീപപ്രദേശത്തും ആവശ്യാനുസരണം വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് നിർമാണ പ്രവൃത്തി നടക്കുന്നതിനാലാണ്​ ജീർണാവസ്ഥയിലായ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതെന്നും ആക്ഷേപമുണ്ട്. റോഡ് വീതികൂട്ടി ടാറിങ് നടക്കുന്നതിനാൽ പൈപ്പുകൾ റോഡി​ൻെറ മധ്യത്തിലായി. അതിനാൽ പൈപ്പുകൾക്ക് ചോർച്ച സംഭവിച്ചാൽ ടാർ തകരുന്നതിന് കാരണമാകും. ഞാലിക്കണ്ടം മുതൽ ചേലക്കൊമ്പ് വരെയുള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് 2020ൽ എസ്​റ്റിമേറ്റും മറ്റും ആയെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പ്​ പുതിയ പൈപ്പ് സ്ഥാപിച്ചാൽ റോഡ് തകർച്ച ഒഴിവാക്കി കുടിവെള്ള ലഭ്യത ഉറപ്പാക്കാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.