സ്‌കൂൾ സമയത്ത്​ ടിപ്പർ ലോറികളുടെ പരക്കംപാച്ചിൽ

വടശ്ശേരിക്കര: കോവിഡാനന്തരം സ്‌കൂൾ തുറക്കുന്നതി‍ൻെറ മുന്നോടിയായി രാവിലെയും വൈകീട്ടും വിദ്യാർഥികൾ നിരത്തിലിറങ്ങുന്ന സമയത്ത് ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഇറങ്ങിയ ഉത്തരവ് മലയോരമേഖലയിൽ നടപ്പായില്ല. സ്‌കൂൾ തുറന്ന് ആദ്യ ദിവസങ്ങളിൽ നിരത്തുകളിൽ തലങ്ങും വിലങ്ങും പായുന്ന ടിപ്പറുകൾക്ക് നേരിയ കുറവുണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾ പിന്നിട്ടതോടെ ടിപ്പർ ലോറികൾ സ്‌കൂൾ സമയത്തും നിരത്ത് കൈയടക്കി. രാവിലെ എട്ടര മുതൽ പത്തുവരെയും വൈകീട്ട് മൂന്നുമുതൽ നാലര വരെയുമാണ് ടിപ്പർ ലോറികൾക്ക് കലക്ടർ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ സമയത്തുതന്നെയാണ് ടിപ്പറുകൾ കൂടുതലായും കാണപ്പെടുന്നതും. പാറയും മറ്റും കയറ്റിയ ലോറികൾ മൂടാതെപോകുന്നതും കാബിനുകൾ അശ്രദ്ധമായി തുറന്നിട്ട് ഓടുന്നതുമൊക്കെ കാൽനടക്കാരെയും തുറന്ന വാഹനത്തിൽ പോകുന്നവരെയുമൊക്കെ ബുദ്ധിമുട്ടിലാക്കുന്നു. തിങ്കളാഴ്ച രാവിലെ നിരോധന ഉത്തരവ് നിലനിൽക്കുന്ന സമയത്ത് പാറപ്പൊടിയും ചളിയും കയറ്റിവന്ന ടിപ്പർ ലോറിയിൽനിന്ന്​ വടശ്ശേരിക്കര ബംഗ്ലാംകടവ് റോഡിലും ശബരിമല റോഡിലുമുൾപ്പെടെ ചളിവീണ് ഗതാഗതതടസ്സം സൃഷ്​ടിച്ചു. പിന്നിട്​ നാട്ടുകാരുടെ പരാതിയെ തുടർന്ന് ശബരിമല റോഡിൽനിന്ന് ചളി കോരിമാറ്റിയെങ്കിലും ബംഗ്ലാംകടവ് റോഡിൽ വഴുക്കലുള്ള ചളി വഴിയിൽവീണ് കാൽനട യാത്രക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.